ചെമ്മണ്ണാര്‍ -ഗ്യാപ് റോഡില്‍ വളവു നിവര്‍ത്തി വീതി കുറവായ ഭാഗത്ത് വീതി വര്‍ദ്ധിപ്പിച്ചെന്ന തെറ്റായ റിപ്പോര്‍ട്ട് നൽകിയെന്ന് പരാതി
രാജാക്കാട്:നിര്‍മ്മാണം അവസാന ഘട്ടത്തില്‍ എത്തി നില്‍ക്കുന്ന ചെമ്മണ്ണാര്‍ -ഗ്യാപ് റോഡില്‍ വളവു നിവര്‍ത്തി വീതി കുറവായ ഭാഗത്ത് വീതി വര്‍ദ്ധിപ്പിച്ചെന്ന തെറ്റായ റിപ്പോര്‍ട്ട് നല്‍കിയതായി കളക്ടര്‍ക്ക് കോണ്‍ഗ്രസിന്റെ പരാതി.പഴയവിടുതി റേഷന്‍ കട ഭാഗത്തെ കൊടും വളവ് നിവര്‍ത്തുകയും,വീതി ക്കുറവ് പരിഹരിക്കണമെന്ന് കളക്ടര്‍ നിര്‍ദേശം നല്‍കിയിരുന്നു.ഇത് വീതികൂട്ടി പ്രശ്‌നം പരിഹരിച്ചെന്ന് കാണിച്ച്.തെറ്റായ റിപ്പോര്‍ട്ട് നല്‍കിയെന്നാണ് മണ്ഡലം പ്രസിഡന്റ് ബെന്നി പാലക്കാട്ട് ആരോപണം ഉന്നയിച്ചിരിക്കുന്നത്.ഏറെ അപകട സാദ്ധ്യതയുള്ള വളവ് നിവര്‍ത്താതെയാണ് ഇവിടെ ഫില്ലിംഗ് സൈഡ് വാള്‍ അശാസ്ത്രീയമായി നിര്‍മ്മിച്ചിരിക്കുന്നതെന്ന് വ്യാപകമായി പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ കളക്‌ട്രറെ വിവരങ്ങള്‍ ധരിപ്പിച്ചത്.റോഡ് നിര്‍മ്മിക്കുന്നതിന് വേണ്ടി എസ്റ്റിമേറ്റ് തയ്യാറാക്കിയ ഉദ്യോഗസ്ഥര്‍ സമീപത്തെ സ്ഥലമുടമയെ സഹായിക്കാനായി വളവ് നിവര്‍ത്താത്ത തരത്തില്‍ റോഡിന്റെ എസ്റ്റിമേറ്റ് എടുത്തുവെന്നും വീതി കൂടുതല്‍ ആവശ്യമുള്ള സ്ഥലത്ത് വീതി കൂട്ടി നിര്‍മ്മിച്ചില്ലെന്നും, കലുങ്കിന് വീതി കൂട്ടിയില്ലെന്നുമാണ് പരാതി.കെ.എസ്.റ്റി.
പി ഉദ്യോഗസ്ഥര്‍ നല്‍കിയ എസ്റ്റിമേറ്റ് പ്രകാരമാണ് ഇപ്പോള്‍ നിര്‍മ്മാണം നടത്തിയതെന്നുമാണ് കരാറുകാര്‍ പറയുന്നത്. മതിയായ അളവിലുള്ള എസ്റ്റിമേറ്റ് എടുത്ത് നല്‍കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും മണ്ഡലം പ്രസിഡന്റ് ആവശ്യപ്പെട്ടു. അതേസമയം നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കലുങ്കിന് വീതി കൂട്ടി നിര്‍മ്മിക്കാന്‍ കരാറുകാരന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നാണ് കെ.എസ്.റ്റി. പി അസിസ്റ്റന്റ് എഞ്ചിനീയറുടെ പ്രതികരണം.