Letterhead top
previous arrow
next arrow
Idukki വാര്‍ത്തകള്‍

അതിജീവനത്തിലുള്ള പോരാട്ടത്തിലാണ് ഇന്ന് കേരളത്തിലെ കര്‍ഷകരെന്ന് ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല ഡയറക്ടര്‍ ഫാ. തോമസ് മറ്റമുണ്ടയില്‍



കാഞ്ഞിരപ്പള്ളി: അതിജീവനത്തിലുള്ള പോരാട്ടത്തിലാണ് ഇന്ന് കേരളത്തിലെ കര്‍ഷകരെന്ന് ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല ഡയറക്ടര്‍ ഫാ. തോമസ് മറ്റമുണ്ടയില്‍. ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷിക ജില്ല മാര്‍ക്കറ്റിംഗ് സെല്‍ സമ്മേളനവും ബോണസ് വിതരണവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ഫാ. തോമസ് മറ്റമുണ്ടയില്‍.
രാജ്യത്തിനു മുഴുവന്‍ ഭക്ഷണം നല്‍കുന്ന കര്‍ഷകരുടെ സംരക്ഷണത്തേക്കാള്‍ കാട്ടുമൃഗങ്ങളുടെ സംരക്ഷണത്തിനും കൃഷിഭൂമിയുടെ സംരക്ഷണത്തെക്കാള്‍ വനഭൂമിയുടെ സംരക്ഷണത്തിനും മനുഷ്യത്വത്തെക്കാള്‍ കാട്ടുനീതിക്കും പ്രാധാന്യം കൊടുക്കുന്ന നിയമസംവിധാനങ്ങളുള്ള ഒരു സാഹചര്യമാണ് ഇന്ന് സംജാതമായിരിക്കുന്നത്. ആസിയാന്‍, ആര്‍സിഇപി, ഗാട്ട് മുതലായ അന്താരാഷ്ട്ര കരാറുകളിലൂടെ അന്താരാഷ്ട്ര വിപണിക്ക് വിലങ്ങുകളിട്ടപ്പോള്‍ ബഫര്‍സോണിന്റെ പേരിലുള്ള നിയന്ത്രിത, നിരോധിത പ്രവര്‍ത്തനങ്ങൡലൂടെ പ്രാദേശിക വിപണിക്കും കൈവിലങ്ങുകള്‍ അണിയിക്കപ്പെടുമ്പോള്‍ സ്വന്തമായ വിപണി കണ്ടെത്താനുള്ള പരിശ്രമത്തിന്റെ ഫലമാണ് ഇന്‍ഫാമിന്റെ മാര്‍ക്കറ്റിംഗ് സെല്‍. ഗ്രാമ തലത്തിലും താലൂക്ക് തലത്തിലും ജില്ലാതലത്തിലുമുള്ള സംഘടനയുടെ ഏകോപനത്തിലൂടെ സോണല്‍ എക്‌സ്‌ചേഞ്ചുവഴി കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാനുള്ള ശ്രമമാണ് മാര്‍ക്കറ്റിംഗ് സെല്‍ വഴി ആവിഷ്‌കരിച്ചിരിക്കുന്നതെന്നും ഫാ. തോമസ് മറ്റമുണ്ടയില്‍ കൂട്ടിച്ചേര്‍ത്തു.
യോഗത്തില്‍ ഇന്‍ഫാം അംഗങ്ങളായ കര്‍ഷകരില്‍ നിന്നു ശേഖരിച്ച കാപ്പിക്കുരു, കപ്പ എന്നിവയ്ക്കുള്ള ബോണസ് വിതരണം ചെയ്തു. ഇതിലൂടെ ഒരു കിലോ കാപ്പിക്കുരുവിന് 11.38 രൂപയും ഒരു കിലോ കപ്പയ്ക്ക് അഞ്ചു രൂപയും കര്‍ഷകര്‍ക്ക് അധിക വിലയായി നല്‍കാന്‍ ഇന്‍ഫാമിനായി. സംഭരണ വേളയില്‍തന്നെ വിപണി വിലയേക്കാള്‍ കൂടിയ വിലയ്ക്കാണ് ഉത്പ്പന്നങ്ങള്‍ ഇന്‍ഫാം സംഭരിച്ചത്.

യോഗത്തില്‍ ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല മാര്‍ക്കറ്റിംഗ് സെല്‍ ഡയറക്ടര്‍ ഫാ. ജയിംസ് വെണ്‍മാന്തറ അധ്യക്ഷതവഹിച്ചു. മാര്‍ക്കറ്റിംഗ് സെല്‍ ജോയിന്റ് ഡയറക്ടര്‍ ഫാ. ജസ്റ്റിന്‍ മതിയത്ത് ആമുഖപ്രഭാഷണം നടത്തി. ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല പ്രസിഡന്റ് അഡ്വ. എബ്രഹാം മാത്യു പന്തിരുവേലില്‍, കാര്‍ഷികജില്ല സെക്രട്ടറി ഡോ. പി.വി. മാത്യു പ്ലാത്തറ, കാര്‍ഷികജില്ല മാര്‍ക്കറ്റിംഗ് സെല്‍ ജനറല്‍ കോഓര്‍ഡിനേറ്റര്‍ കെ.കെ. സെബാസ്റ്റിയന്‍ കൈതയ്ക്കല്‍, മാര്‍ക്കറ്റിംഗ് സെല്‍ റീജണല്‍ കോഓര്‍ഡിനേറ്റര്‍ ജോര്‍ജ് സി. ചാക്കോ ചേറ്റുകുഴി എന്നിവര്‍ പ്രസംഗിച്ചു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!