പ്രളയം നേരിടാൻ വാർ റൂം ഒരുക്കി കെ.എസ്.ഇ.ബി
തിരുവനന്തപുരം: ഡാമുകളുമായി ബന്ധപ്പെട്ട പ്രളയവും അതിവൃഷ്ടിയും പ്രകൃതി ദുരന്തങ്ങളും നേരിടാൻ ഹൈടെക് വാർ റൂം സജ്ജമാക്കി കെ.എസ്.ഇ.ബി. 50 ലക്ഷം രൂപ മുതൽ മുടക്കി കെൽട്രോണിന്റെ സഹായത്തോടെയുള്ള ഡിജിറ്റൽ സുരക്ഷാ നിയന്ത്രണത്തിന്റെ ഭാഗമായി, ഇടുക്കി ജലസംഭരിണിയിലെ വെള്ളത്തിന്റെ അളവറിയാൻ ലേസർ റഡാർ സ്ഥാപിക്കും.
തിരുവനന്തപുരം ഡിവിഷനിലെ എല്ലാ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരും ഉടൻ ഡിജിറ്റൽ സംവിധാനത്തിന്റെ കീഴിൽ വരും. ബോർഡിന്റെ അടിയന്തിര ഓപ്പറേഷനുകൾ കൺട്രോൾ റൂമിന് നഗര മേഖലകളിൽ നിയന്ത്രിക്കാവുന്ന സാഹചര്യത്തിലേക്ക് 6 മാസത്തിനുള്ളിൽ മാറും. 2018ൽ 483പേരുടെ മരണത്തിനും 31000കോടിയുടെ നഷ്ടത്തിനുമിടയാക്കിയ പ്രളയത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.മഴക്കാലത്തെ വൈദ്യുതി ആഘാതങ്ങൾ നേരിടുന്നതിനും, ഡാമുകളുടെ നിയന്ത്രണത്തിനും വൈദ്യുതി ഭവൻ ആസ്ഥാനത്തു നിന്നും തത്സമയംനടപടികളും ഇതുമൂലം സാധിക്കും. കഴിഞ്ഞ വർഷം ഫലപ്രദമായി മഴക്കാലത്ത് ജലസംഭരണം നടത്തുക വഴി 2095 മില്ല്യൺ യൂണിറ്റ് അധികം ഉത്പാദനവും, 1017കോടിയുടെ അധിക വൈദ്യുതി വില്പനയും ബോർഡിന് സാധ്യമായിരുന്നു.