കാല്‍വരി മൗണ്ട് ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് വാഹന ഗതാഗതം പുനസ്ഥാപിച്ചു
ഇടുക്കി: കാല്‍വരി മൗണ്ട് ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് റോഡു പണിയെ തുടര്‍ന്ന് നിരോധിച്ച വാഹന ഗതാഗതം പുനസ്ഥാപിച്ചു.വാഗമണ്‍ നിന്നും കാല്‍വരി മൗണ്ടിലേക്ക് 50 കിലോമീറ്റര്‍ മാത്രമാണ് ദൂരം.
വാഗമണ്‍ സ്റ്റേ ചെയ്യുന്നവര്‍ക്ക് ഡേ ട്രിപ്പ് പോകാന്‍ പറ്റിയ റൂട്ട് ആണ് ഇത് , രാവിലെ ഇറങ്ങിയാല്‍ അഞ്ചുരുളി , വള്ളക്കടവ് തൂക്കുപാലം, രാമക്കല്‍മേട് ലൂസിഫര്‍ പള്ളി എല്ലാം കണ്ടു വൈകുന്നേരം തിരികെ വരാം.
നീണ്ടുനിവര്‍ന്നു കിടക്കുന്ന നീല ജലാശയം, ചുറ്റും പച്ചമലനിരകള്‍, സൂര്യനുപോലും വഴിമാറാതെ എങ്ങും മഞ്ഞുതുള്ളികള്‍. കനത്തുനില്‍ക്കുന്ന ഇരുട്ടും വഴികളില്‍ ഇടയ്ക്കിടെ ഓടിയെത്തുന്ന പ്രകാശവും നനുത്ത തൂമഞ്ഞും ഒക്കെ ചേര്‍ന്ന് പ്രകൃതിയെ അതീവ സുന്ദരിയാക്കുന്ന ഒരിടം.
!സൗന്ദര്യത്തില്‍ കാല്‍വരിയോളമെത്താന്‍ കേരളത്തിലെ വേറൊരു വിനോദ സഞ്ചാരകേന്ദ്രത്തിനുമാകില്ല.നാടെങ്ങും ചുറ്റിത്തിരിഞ്ഞ് ആര്‍ത്തുല്ലസിച്ചും കളിച്ചും ചിരിച്ചുമൊഴുകുന്ന പെരിയാറിന്‍റെ നിശ്ചലഭാവമാണ് ഇവിടെ കാണാന്‍ കഴിയുക. ഇടുക്കിയുടെ കന്യാകുമാരി എന്നും കാല്‍വരി മൗണ്ട് അറിയപ്പെടുന്നു. കാരണം ഉദയവും അസ്തമയവും ഇവിടെ നിന്നു കാണാന്‍ കഴിയും. പ്രകൃതിയാണ് ഏറ്റവും നല്ല ചിത്രകാരന്‍ എന്ന സത്യം തിരിച്ചറിയുന്ന ഇടമാണ് കാല്‍വരി മൗണ്ട്.
ഒരു ക്യാന്‍വാസില്‍ വരച്ച ചിത്രം പോലെ മനോഹരമായ കാഴ്ചകളുള്ള ഇടമാണ് കാല്‍വരി മൗണ്ട്.രണ്ടു വശങ്ങളിലുമായി കിടക്കുന്ന മലകളും അതിനു നടുവില്‍ ഇടുക്കി ഡാമിന്റെ റിസര്‍വ്വോയറും പിന്നെ കാടുകളും താഴ്വരകളും ഒക്കെയായി പ്രകൃതിയിലെ ഒരു ചിത്രശാല തന്നെയാണ് കാല്‍വരി മൗണ്ട് എന്ന് നിസ്സംശയം പറയാം.
കുറുവന്‍ കുറത്തി മലകള്‍ക്കിടയില്‍ കെട്ടിനിര്‍ത്തിയിരിക്കുന്ന നീല ജലവും ഇടുക്കി ആര്‍ച്ച് ഡാമും കാണുവാനായി അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുപോലും സഞ്ചാരികള്‍ ഇവിടെ എത്തുന്നു.ഇടുക്കി ജില്ലയിലെ ഏറ്റവും മനോഹരമായ സ്ഥലം ഏതാണെന്ന ചോദ്യത്തിന് ഉത്തരങ്ങള്‍ പലതുണ്ടെങ്കിലും അതിലൊന്ന് കാല്‍വരി മൗണ്ടായിരിക്കും.
കട്ടപ്പനയില്‍ നിന്നും ചെറുതോണി റൂട്ടില്‍ പത്തു കിലോീറ്റര്‍ മാറി സ്ഥിതി ചെയ്യുന്ന കാല്‍വരി മൗണ്ട് സമുദ്ര നിരപ്പില്‍ നിന്നും 2700 അടി ഉയരത്തിലുള്ള ഒരു വ്യൂ പോയിന്‍റാണ്. കയറ്റങ്ങള്‍ കയറിച്ചെല്ലുന്ന കാല്‍വരി മൗണ്ട് വ്യൂ പോയിന്റ് സന്ദര്‍ശകരെ മറ്റൊരു ലോകത്തില്‍ എത്തിക്കും എന്നതില്‍ സംശയമില്ല. കോടമഞ്ഞില്‍ തണുത്തുവിറയ്ക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ പോകാം കാല്‍വരി മൗണ്ടിലേക്ക് !!