ബഫര്‍സോണില്‍ സുപ്രീംകോടതി നിര്‍ദേശം വന്നതോടെ ഇടുക്കിയില്‍ ജനജീവിതം ദുഃസഹമാകുന്നു
കട്ടപ്പന: നിര്‍മാണ നിന്ത്രണത്തിനും ഭൂപ്രശ്‌നങ്ങള്‍ക്കും പുറമേ ബഫര്‍സോണില്‍ സുപ്രീംകോടതി നിര്‍ദേശംകൂടി വന്നതോടെ ഇടുക്കിയില്‍ ജനജീവിതം ദുഃസഹമാകുന്നു.സംസ്‌ഥാനത്ത് മറ്റൊരു ജില്ലയിലും ഇല്ലാത്ത പ്രതിസന്ധികളാണ് ഇടുക്കിയില്‍ സാധാരണക്കാര്‍ നേരിട്ടുകൊണ്ടിരിക്കുന്നത്.
കുടിയേറ്റ കര്‍ഷകര്‍ നാലും അഞ്ചും തലമുറ പിന്നിടുമ്ബോള്‍ കൈയേറ്റക്കാരായി ചിത്രീകരിക്കപ്പെടുന്നതിന്റെ വിരോധാഭാസമാണ് ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്നത്.
ഇതോടെ ജനിച്ച നാട്ടില്‍നിന്നും ഇതര ജില്ലകളിലേക്കും വിദേശത്തേക്കും ചേക്കേറുന്നവരും നിരവധിയാണ്.
ഊരാക്കുടുക്കായി നിര്‍മാണ നിയന്ത്രണം
കൃഷിക്കായി നല്‍കിയ പട്ടയഭൂമിയില്‍ വാണിജ്യ ആവശ്യത്തിനുള്ള കെട്ടിടങ്ങളോ, വ്യാപാര സ്‌ഥാപനങ്ങളോ തുടങ്ങാന്‍ പാടില്ലെന്ന ഉത്തരവാണ് ജില്ലയെ ഭീതിയിലാക്കിയത്. 2019 ഓഗസ്‌റ്റ് മുതല്‍ ഇറങ്ങിത്തുടങ്ങിയ വിവിധ ഭൂവിനിയോഗ ഉത്തരവുകളാണ് കര്‍ഷകരെ ഭീതിയിലാക്കുന്നത്. പട്ടയഭൂമിക്ക് നല്‍കുന്ന കൈവശാവകാശ രേഖയില്‍ എന്തിനു വേണ്ടിയാണ് ഭൂമി ഉപയോഗിക്കുന്നതെന്ന് വ്യക്‌തമാക്കണമെന്നായിരുന്നു ഓഗസ്‌റ്റിലെ ഉത്തരവ്. ശക്‌തമായ ജനരോഷത്തെ തുടര്‍ന്ന് ഉത്തരവ് എട്ട് വില്ലേജുകളില്‍ മാത്രമാക്കി ചുരുക്കി. എന്നാല്‍ എട്ടു വില്ലേജുകളില്‍ മാത്രമുള്ള നിയന്ത്രണം വിവേചനമാണെന്ന് കാട്ടി പ്രദേശവാസികള്‍ കോടതിയെ സമീപിച്ചു. തുടര്‍ന്ന് സംസ്‌ഥാന വ്യാപകമായി കെട്ടിട നിര്‍മാണ ചട്ടത്തില്‍ മാറ്റം വരുത്തണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.
തുടര്‍ന്ന് ഭൂമി പതിച്ചു നല്‍കിയത് എന്താവശ്യത്തിനാണെന്ന് പരിശോധിച്ചു രേഖപ്പെടുത്തിയശേഷം മാത്രം റവന്യൂ ഉദ്യോഗസ്‌ഥര്‍ കൈവശ സര്‍ട്ടിഫിക്കറ്റ് നല്‍കിയാല്‍ മതിയെന്നും കോടതി നിര്‍ദേശിച്ചു. ഈ ഉത്തരവ് ജില്ലയില്‍ നടപ്പാക്കാന്‍ ജില്ലാ കലക്‌ടര്‍ ഉത്തരവിറക്കിയ തോടെ നിര്‍മാണ നിയന്ത്രണം പ്രാബല്യത്തിലായതിനു തുല്യമായി. 2020 ഓഗസ്‌റ്റ് 20ന് ജില്ലയിലെ പട്ടയഭൂമിയിലെ നിര്‍മാണങ്ങള്‍ക്ക് റവന്യൂ എന്‍.ഒ.സി നിര്‍ബന്ധമാക്കിയത് മൂന്നാര്‍ മേഖലയിലെ എട്ട് വില്ലേജുകള്‍ക്ക് മാത്രമാക്കി വീണ്ടും പുതിയ ഉത്തരവിറക്കി.പരിസ്‌ഥിതിലോല മേഖലയായ മൂന്നാറിലെ നിര്‍മാണ നിരോധനം മൂന്നാറുമായി യാതൊരു ബന്ധവുമില്ലാത്ത ശാന്തന്‍പാറ, വെള്ളത്തൂവല്‍, ആനവിലാസം, ബൈസണ്‍ വാലി വില്ലേജുകളിലും ഉള്‍പ്പെടുത്തി. ഇതോടെ ഇവിടെയും ജനജീവിതം ദുഃസഹമായി.
ഇതില്‍ ആനവിലാസം മൂന്നാറില്‍ നിന്നും 100 കിലോമീറ്ററിലധികം അകലെയാണ്. ഇവിടങ്ങളില്‍ ഉപജീവനത്തിന് ആവശ്യമായ ചെറിയ കെട്ടിടങ്ങള്‍ക്ക് പോലും റവന്യൂവകുപ്പിന്റെ അനുമതി ലഭിക്കില്ല.
തീരാതെ പട്ടയപ്രശ്‌നങ്ങള്‍
കുടിയേറ്റ ചരിത്രത്തോളം പഴക്കമുണ്ട് ഇടുക്കിയുടെ പട്ടയപ്രശ്‌നങ്ങള്‍ക്ക്. തലമുറകളായി താമസിക്കുകയും കൃഷി ചെയ്യുകയും ചെയ്യുന്ന ഭൂമിക്ക് കൈവശരേഖയില്ലെന്നതാണ് ഇപ്പോഴും ജില്ലയിലെ നിരവധി കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നത്.
കുടിയേറി താമസം തുടങ്ങിയ കാലത്ത് നിയമപ്രശ്‌നങ്ങള്‍ ഇല്ലാതിരുന്ന പല ഭൂമികളും ഇപ്പോള്‍ പലവിധ നിയമ പ്രശ്‌നങ്ങളില്‍ കുരുങ്ങിക്കിടക്കുകയാണ്. ഇതോടെ വിദ്യാഭ്യാസം, വീട് നിര്‍മാണം, ചികിത്സ തുടങ്ങിയ ആവശ്യങ്ങള്‍ക്ക് വായ്‌പ എടുക്കാന്‍ പോലും കഴിയാത്ത സാഹചര്യമാണ് പലര്‍ക്കും. തലമുറകളായി താമസിക്കുകയും ഭൂനികുതിയും വൈദ്യുതി ചാര്‍ജും അടക്കം കൃത്യമായി കൊടുക്കുകയും ചെയ്യുന്നവര്‍ ഇന്നും പട്ടയം കാത്ത് കിടക്കുമ്ബോള്‍ ജില്ലയ്‌ക്ക് പുറത്തുനിന്നും കൈയേറ്റക്കാരായി എത്തിയ വന്‍കിട റിസോര്‍ട്ട് ഉടമകള്‍ക്കും മറ്റും പട്ടയം ഉള്‍പ്പെടെ നല്‍കി സഹായിക്കുന്നതാണ് ഇവിടെ റവന്യൂ വകുപ്പിന്റെ രീതി. മാറി മാറി വരുന്ന സര്‍ക്കാരുകള്‍ പട്ടയ വിതരണം നടത്താറുണ്ടെങ്കിലും അര്‍ഹരായ നിരവധി പേര്‍ ഇപ്പോഴും പട്ടയത്തിനായി റവന്യൂ ഓഫീസുകള്‍ കയറിയിറങ്ങുകയാണ്.
ഇരുട്ടടിയായി ബഫര്‍സോണ്‍
സംരക്ഷിത വനമേഖലയുടെ ഒരു കിലോമീറ്റര്‍ ചുറ്റളവ് സംരക്ഷിക്കണമെന്ന സുപ്രീംകോടതി നിര്‍ദേശമാണ് ഒടുവിലായി ഇടുക്കിക്ക് ദുരന്തമായിരിക്കുന്നത്.
ജനവാസ മേഖലകളും വിനോദ സഞ്ചാര കേന്ദ്രങ്ങളും അടക്കം വനപ്രദേശത്തോടുചേര്‍ന്ന് സ്‌ഥിതിചെയ്യുന്ന ഇടുക്കിയില്‍ ഇത്തരം നിര്‍ദേശം നടപ്പായാല്‍ ഒട്ടേറേപ്പേര്‍ കുടിയിറക്കപ്പെടേണ്ടി വരും. അയല്‍ സംസ്‌ഥാനമായ തമിഴ്‌നാട്ടില്‍ സീറോ ആണ് ബഫര്‍ സോണ്‍. കുമളിയില്‍ തമിഴ്‌നാട് പ്രദേശത്ത് തമിഴ്‌നാട് സര്‍ക്കാരിന്റെ വന്‍ നിര്‍മാണങ്ങള്‍ നടക്കുമ്ബോള്‍ 100 മീറ്റര്‍ ഇപ്പുറം കേരളത്തില്‍ ചെറിയ കെട്ടിടം പോലും പണിയാന്‍ ഇപ്പോള്‍ അനുമതി ലഭിക്കുന്നുമില്ല. ബഫര്‍ സോണ്‍ വിഷയത്തില്‍ വനമേഖലയോട് ചേര്‍ന്നുകിടക്കുന്ന പ്രദേശത്ത് വന്‍ പ്രതിഷേധങ്ങളും ഉയര്‍ന്നുതുടങ്ങിയിട്ടുണ്ട്.