നെടുങ്കണ്ടം കല്ലാർ എൽ പി സ്ക്കൂളിലെ 20 കുട്ടികൾക്ക് തക്കാളിപ്പനി സ്ഥിരീകരിച്ചു
എൽ കെ ജി, യു കെ ജി ക്ലാസിലെ കുട്ടികൾക്കാണ് തക്കാളി പനി പിടിപെട്ടത്. കുട്ടികൾക്ക് പനിയും ചൊറിച്ചിലും അനുഭവപെട്ടതിനെ തുടർന്ന് പ്രധാന അധ്യാപിക ആരോഗ്യ വകുപ്പിനെ വിവരം അറിയിച്ചു. ആരോഗ്യ പ്രവർത്തകരുടെ സംഘം സ്‌കൂളിലെത്തി കുട്ടികളെ പരിശോധിച്ചതിലാണ് ഇവർക്ക് തക്കാളിപ്പനിയാണെന്ന് സ്ഥിരീകരിച്ചത്.ഇടുക്കിയില്‍ തക്കാളിപ്പനി വ്യാപിക്കുന്നു; ജാഗ്രത വേണമെന്ന് ആരോഗ്യ വിദഗ്ധര്‍.
എൽ കെ ജി വിഭാഗത്തിലെ 14 കുട്ടികൾക്കും, യു കെ ജി വിഭാഗത്തിലെ ആറ് കുട്ടികൾക്കുമാണ് തക്കാളിപ്പനി സ്ഥിരീകരിച്ചത്. ഇതിൽ 11 പേർ നെടുങ്കണ്ടം പഞ്ചായത്ത് പരിധിയിലും, ആറുപേർ പാമ്പാടുംപാറ പഞ്ചായത്തിലെയും മൂന്ന് പേർ കരുണാപുരം പഞ്ചയത്തിലേയും താമസക്കാരാണ്. രോഗികളായ കുട്ടികൾ പഠിച്ചിരുന്ന മൂന്ന് ഡിവിഷനുകൾക്ക് മൂന്നു ദിവസത്തേക്ക് അവധി നൽകാൻ ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചു. രോഗം സ്ഥിരീകരിച്ച കുട്ടികളുടെ നില തൃപ്തികരമാണെന്ന് മെഡിക്കൽ ഓഫിസർ അറിയിച്ചു.