ഹിമാലയത്തിലെ ട്രെയ്ൽ പാസ് എന്ന മഞ്ഞുമല കീഴടക്കി ഇന്ത്യൻ പതാക നാട്ടിയ സംഘത്തിൽ ഇടുക്കിക്കാരനും
ചെറുതോണി : ഹിമാലയത്തിലെ ട്രെയ്ൽ പാസ് എന്ന മഞ്ഞുമല കീഴടക്കി ഇന്ത്യൻ പതാക നാട്ടിയ സംഘത്തിൽ ഇടുക്കിക്കാരനും. ഉപ്പുതോട് ചിറ്റടിക്കവല സ്വദേശി മിറ്റത്താനിക്കൽ ജിബിൻ ജോസഫാണ് (33) ആദ്യമായി ഇവിടെ എത്തിയ മലയാളി. 15നു രാവിലെ 9നു സംഘം സമുദ്രനിരപ്പിൽ നിന്ന് 17400 അടി ഉയരത്തിലുള്ള മഞ്ഞുമലയുടെ മുകളിലെത്തി ഇന്ത്യൻ പതാക നാട്ടി. 1830ൽ മലാക് സിങ്, സുപി എന്നിവരാണ് ആദ്യമായി ട്രെയ്ൽ പാസ് കീഴടക്കുന്നത്. അന്നുമുതൽ ഇന്നുവരെ 90ൽ പരം ടീമുകൾ ഈ മഞ്ഞുമലയെ വരുതിയിലാക്കാൻ ശ്രമിച്ചെങ്കിലും ഇതുവരെ 20 ടീമുകൾക്ക് മാത്രമാണ് വിജയിക്കാനായത്.
ഈ മാസം 5ന് ആണ് 5 പേരടങ്ങുന്ന സംഘം ഉത്തരാഖണ്ഡിലെ ഭഗേശ്വറിൽ നിന്നു യാത്ര തിരിച്ചത്. ജിബിനെ കൂടാതെ ഒരു ബെംഗളൂരു സ്വദേശിയും 3 ബംഗാളികളുമാണ് ഉണ്ടായിരുന്നത്. സഹായികളായി ആറു പേരുമുണ്ടായിരുന്നു. ബംഗാളിയായ രാജു ചക്രവർത്തിയായിരുന്നു ടീം ക്യാപ്റ്റൻ. 140 കിലോമീറ്ററാണ് കാൽനടയായി താണ്ടേണ്ടിയിരുന്നത്. 13നു മഞ്ഞുമലയിൽ സംഘമെത്തി. പിന്നീടുള്ള 5 ദിവസം നടത്തവും താമസവും മഞ്ഞുമലയിൽ തന്നെ ആയിരുന്നു.
14നു സംഘം ട്രെയ്ൽ പാസിന്റെ റോക്‌വാൾ ബേസ് ക്യാംപിൽ എത്തി. 200 മീറ്ററോളം കുത്തനെ നിൽക്കുന്ന അപകടകരമായ പാറക്കെട്ടിൽ വടം ഉറപ്പിച്ചാണ് പിന്നീടു കയറിയത്. നിർദേശം അനുസരിച്ച് കൃത്യമായി മെല്ലെ മല കയറിത്തുടങ്ങിയ സംഘം 3ന് മുകളിൽ എത്തിയതായി ജിബിൻ പറഞ്ഞു. 15നു രാവിലെ 9നു സമുദ്രനിരപ്പിൽ നിന്ന് 17400 ഉയരത്തിലുള്ള ട്രയൽ പാസിനു മുകളിൽ വിജയക്കൊടി നാട്ടി.