മഴ തുടങ്ങി കറന്റ് പോയി : ഇടുക്കി- മാങ്കുളത്ത് വൈദ്യുത തടസ്സം നിത്യസംഭവമായിട്ടു മാസങ്ങൾ
അടിമാലി∙ കാലവർഷത്തിനു തുടക്കമായതോടെ അടിമാലി, പള്ളിവാസൽ, മാങ്കുളം പഞ്ചായത്തുകളിൽ വൈദ്യുത തടസ്സം പതിവായി. പള്ളിവാസൽ പഞ്ചായത്തിലെ കുരിശുപാറ, പീച്ചാട്, പ്ലാമല മേഖലകളിൽ വൈദ്യുതിയുള്ള സമയം കുറവാണെന്നും മാങ്കുളത്ത് വൈദ്യുത തടസ്സം നിത്യസംഭവമായിട്ടു മാസങ്ങൾ പിന്നിട്ടന്നു പരാതിയുണ്ട്. ചിത്തിരപുരത്തു നിന്നാണ് പള്ളിവാസൽ, മാങ്കുളം പഞ്ചായത്തുകളിലേക്കും കുറത്തിക്കുടിയിലേക്കും വൈദ്യുതി എത്തുന്നത്. കല്ലാർ വരെ വലിയ പ്രശ്നങ്ങളില്ലാതെ ചിത്തിരപുരത്തു നിന്നുള്ള വൈദ്യുതി എത്തുന്നുണ്ട്. അവിടെ നിന്ന് മാങ്കുളം വരെയുള്ള ദൂരത്തിൽ ലൈനിലുള്ള തകരാറാണ് വൈദ്യുതി മുടക്കത്തിനു കാരണമായി പറയുന്നത്.
അടുത്ത നാളിൽ ചിത്തിരപുരം ലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഒരാഴ്ചത്തേക്ക് അടിമാലി ടൗൺ ഫീഡറിൽ നിന്നാണ് മാങ്കുളത്തേക്കു വൈദ്യുതി നൽകിയിരുന്നത്. ഇതോടെ ദിവസത്തിൽ മുപ്പതിലേറെ തവണ അടിമാലിയിലും പീച്ചാട്, കുരിശു പാറ മേഖലകളിലും വൈദ്യുതി മുടങ്ങി. ഇത് അടിമാലിയിൽ വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയതോടെ അധികൃതർ വീണ്ടും ചിത്തിരപുരത്തു നിന്ന് മാങ്കുളത്തേക്കു വൈദ്യുതി നൽകാൻ തുടങ്ങി. ഇതോടെ അടിമാലിയിലെ വൈദ്യുതിതടസ്സത്തിനു കുറവുണ്ടായിട്ടുണ്ട്. എന്നാൽ കുരിശുപാറ, പീച്ചാട്, മാങ്കുളം, കുറത്തിക്കുടി മേഖലകളിൽ വൈദ്യുതി വിരുന്നുകാരനായി തുടരുന്നു