വീടിനുള്ളില്‍ മരിച്ചുകിടന്ന യജമാനന് കാവല്‍ നിന്ന് വളര്‍ത്തുനായ്
അടിമാലി: വീടിനുള്ളില്‍ മരിച്ചുകിടന്ന യജമാനന് കാവല്‍ നിന്ന ഉണ്ണിയെന്ന വളര്‍ത്തുനായ് പൊലീസിനെയും നാട്ടുകാരെയും തടഞ്ഞത് മണിക്കൂറുകള്‍.
അടിമാലി എസ്.എന്‍ പടിയില്‍ ഒറ്റക്ക് താമസിക്കുന്ന റിട്ട. എ.എസ്.ഐ കൊന്നയ്ക്കല്‍ കെ.കെ. സോമന്‍റെ (67) മൃതദേഹത്തിനാണ് വളര്‍ത്തുനായ് കാവലാളായി നിന്നത്. മൃതദേഹത്തിന് ഒരുദിവസത്തെ പഴക്കമുണ്ട്. ശനിയാഴ്ച വൈകീട്ടാണ് മരിച്ചതെന്നാണ് നിഗമനം. ഹൃദയാഘാതമാകാം മരണകാരണമെന്നാണ് പ്രാഥമിക വിവരം. ശനിയാഴ്ച വൈകീട്ട് മുതല്‍ മരുമകന്‍ ഉമേഷ് സോമന്‍റെ ഫോണിലേക്ക് വിളിച്ചിട്ട് എടുത്തില്ല. വളര്‍ത്തുനായ് നിര്‍ത്താതെ കുരക്കുന്നുണ്ടായിരുന്നു. വീടിന്‍റെ വാതില്‍ തുറന്നാണ് കിടന്നിരുന്നത്.
ഞായറാഴ്ചയും ഫോണ്‍ എടുക്കാതെ വന്നതോടെ ഉച്ചയോടെ ഉമേഷ് എസ്.എന്‍ പടിയിലെ വീട്ടിലെത്തി. നായ് ഉമേഷിനെ കൂട്ടി വീടിനുള്ളില്‍ മരിച്ചുകിടന്ന സോമന്‍റെ അടുത്തെത്തി. ഉമേഷ് നാട്ടുകാരെയും പൊലീസിനെയും വിവരം അറിയിച്ചു.
കൂടുതല്‍ ആളുകള്‍ എത്തിയതോടെ വളര്‍ത്തുനായ് ഉമേഷിനെ ഉള്‍പ്പെടെ ആരെയും വീടിനുള്ളില്‍ കയറ്റാതായി. മണിക്കൂറുകള്‍ പൊലീസും നാട്ടുകാരും ശ്രമിച്ചെങ്കിലും ഉണ്ണിയെ ശാന്തനാക്കാന്‍ കഴിഞ്ഞില്ല. ഫയര്‍ഫോഴ്സ് എത്തിയെങ്കിലും ശ്രമം പരാജയപ്പെട്ടു. ഒടുവില്‍ നാട്ടുകാരെയും പൊലീസിനെയും സംഭവ സ്ഥലത്തുനിന്നും മാറ്റി ഉമേഷ് തനിയെ വീട്ടില്‍ എത്തിയപ്പോള്‍ വളര്‍ത്തുനായ് ശാന്തമായി. ഉമേഷ് വളര്‍ത്തുനായെ തന്ത്രത്തില്‍ ഒരു മുറിയില്‍ കൊണ്ടുപോയി പൂട്ടിയിട്ടു. പിന്നീട് അഞ്ച് മണിയോടെയാണ് മൃതദേഹം അവിടെനിന്ന് അടിമാലി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയത്.