പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് നിയമസഭ നിര്‍ത്തിവെച്ചു
തിരുവനന്തപുരം: പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് നിയമസഭ നിര്‍ത്തിവെച്ചു. ചോദ്യോത്തരവേള തുടങ്ങിയപ്പോള്‍ തന്നെ പ്രതിപക്ഷം പ്രതിഷേധവുമായി സഭയുടെ നടുത്തളത്തിലിറങ്ങി.
കറുത്ത വസ്ത്രങ്ങള്‍ ധരിച്ചാണ് പ്രതിപക്ഷ എം.എല്‍.എമാര്‍ സഭയിലെത്തിയത്.
ബാനറും പ്ലക്കാര്‍ഡും ഉയര്‍ത്തിയാണ് പ്രതിഷേധം. ചോദ്യോത്തരവേള ആരംഭിച്ചപ്പോള്‍ തന്നെ രാഹുല്‍ ഗാന്ധി എം.പിയുടെ ഓഫിസ് ആക്രമിച്ചത് ഉയര്‍ത്തിക്കാട്ടി പ്രതിപക്ഷം പ്രതിഷേധവുമായി സഭയുടെ നടുത്തളത്തിലേക്ക് നീങ്ങി. ഇതോടെ ചോദ്യോത്തരവേള തടസ്സപ്പെട്ടു. അതേസമയം, മാധ്യമങ്ങള്‍ക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി. സഭയിലെ പ്രതിഷേധത്തിന്‍റെ ദൃശ്യങ്ങള്‍ ചാനലുകള്‍ക്ക് നല്‍കുന്നില്ല.
മീഡിയ റൂമില്‍ മാത്രമാണ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് പ്രവേശനം. മന്ത്രിമാരുടെയും പ്രതിപക്ഷ നേതാവിന്‍റെയും ഓഫിസുകളിലേക്ക് മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്കേര്‍പ്പെടുത്തി. നേരത്തെ, രാഹുല്‍ ഗാന്ധിയുടെ എം.പി ഓഫിസ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്ത സംഭവത്തില്‍ പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. അഡ്വ. ടി. സിദ്ദീഖ് എം.എല്‍.എയാണ് നോട്ടീസ് നല്‍കിയത്.
രാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമിക്കുകയും മൂന്ന് ജീവനക്കാരെ ക്രൂരമായി മര്‍ദിക്കുകയും ചെയ്ത സംഭവത്തില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് പൊലീസ് ഒത്താശ ചെയ്യുകയും പ്രതികളെ പിടികൂടാതെ കേസ് അട്ടിമറിക്കുകയുമാണെന്ന് അടിയന്തരപ്രമേയ നോട്ടീസില്‍ ആരോപിക്കുന്നു. ഈ വിഷയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാണ് ആവശ്യം.