ആയിരം രൂപയുടെ സ്‌പൈസസ് ഡ്രയര്‍, അഞ്ജുവെന്ന ഇടുക്കിയിലെ മിടുക്കി
മഴക്കാലത്ത് ജാതിപത്രിയും കുരുമുളകുമെല്ലാം ഉണക്കാന്‍ കൃഷിക്കാരനായ പിതാവ് നേരിടുന്ന ബുദ്ധിമുട്ട് കണ്ടപ്പോഴാണ് ഇതിനൊരു ഉപകരണം ഉണ്ടായിരുന്നെങ്കില്‍ എന്ന് അഞ്ജുവിന് തോന്നിയത്. പിന്നെ പരീക്ഷണങ്ങളുടെ പരമ്പരയായിരുന്നു. ആദ്യമൊക്കെ ജാതിപത്രി കരിഞ്ഞു പോയി. സാരമില്ലെന്ന് പറഞ്ഞ് അപ്പന്‍ പ്രോത്സാഹിപ്പിച്ചതോടെ പരീക്ഷണം തുടര്‍ന്നു. അങ്ങനെയാണ് സുഗന്ധദ്രവ്യങ്ങള്‍ ഉണക്കിയെടുക്കാനായി അഞ്ജു തോമസ് എന്ന മിടുക്കി സ്‌പൈസസ് ഡ്രയര്‍ എന്ന ഉപകരണം സ്വന്തമായി വികസിപ്പിച്ചെടുത്തത്. ഉപകരണത്തിനുള്ളിലെ താപനില നിയന്ത്രിച്ച് സ്‌പൈസസ് മികച്ച നിലവാരത്തില്‍ ഉണക്കിയെടുക്കുന്നതാണ് രീതി.
തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലെ ഓഫീസില്‍ എത്തിയ അഞ്ജു ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു തന്നു. മഴക്കാലത്ത് ഹൈറഞ്ചിലെ കര്‍ഷകര്‍ക്ക് ഒരു വരദാനമാകും ഈ ഉപകരണം എന്നതില്‍ സംശയമില്ല. ഇതിനു പേറ്റന്റ് സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ് അഞ്ജു ഇപ്പോള്‍. ഇതേക്കുറിച്ച് കാര്യമായ അറിവുള്ള ആരുടെയെങ്കിലും സഹായം ലഭിക്കാനുള്ള ശ്രമത്തിലാണ്.
കിസാന്‍ മിത്ര സ്‌പൈസസ് ഡ്രയര്‍ എന്നു പേരിട്ടിരിക്കുന്ന ഈ ഉപകരണത്തിന് ആയിരം രൂപയില്‍ താഴെ മാത്രമാണ് ഈ സ്‌പൈസസ് ഡ്രയറിന്റെ ചെലവ്. അഞ്ജുവിന്റെ കണ്ടുപിടുത്തത്തെക്കുറിച്ച് അറിഞ്ഞ നിരവധി കര്‍ഷകരാണ് ഉപകരണം തേടി എത്തുന്നത്. എന്നാല്‍ പേറ്റന്റ് ലഭിച്ചാല്‍ മത്രമേ വാണിജ്യാടിസ്ഥാനത്തില്‍ ഇതു നിര്‍മിച്ച് കര്‍ഷകര്‍ക്ക് വിതരണം ചെയ്യാന്‍ കഴിയൂ.
“ബി എസ് സി അഗ്രിക്കള്‍ച്ചര്‍ ബിരുദധാരിയായ അഞ്ജു ചെറുപ്പം മുതലേ ഇത്തരം പരീക്ഷണങ്ങള്‍ നടത്തി നിരവധി അവാര്‍ഡുകള്‍ നേടിയ കുട്ടിയാണ്. എന്റെ മണ്ഡലമായ ഇടുക്കി കൊന്നത്തടി സ്വദേശിയായ ഈ മിടുക്കിയെ ചെറുപ്പം മുതല്‍ എനിക്ക് അടുത്തറിയാം. കര്‍ഷകനായ തോമസ്- വില്‍സമ്മ ദമ്പതികളുടെ മകളായ അഞ്ജു കൂടുതല്‍ ഉയരങ്ങള്‍ താണ്ടുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഈ മിടുക്കിക്ക് എല്ലാ ഭാവുകങ്ങളും നേരുകയാണ്” :
റോഷി ആഗസ്റ്റിൻ