വാതില്‍പ്പടിയില്‍ സര്‍ക്കാര്‍ സേവനം എല്ലാ ഗ്രാമപഞ്ചായത്തുകളിലേക്കും
പ്രായാധിക്യമുള്ളവര്‍ക്കും ഗുരുതരരോഗ ബാധിതര്‍ക്കും കിടപ്പുരോഗികള്‍ക്കും സര്‍ക്കാര്‍ സേവനങ്ങള്‍ വാതില്‍പ്പടിയില്‍ എത്തിക്കുന്ന പദ്ധതി എല്ലാ തദ്ദേശസ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കുന്നു.
പരീക്ഷണാടിസ്ഥാനത്തിൽ സംസ്ഥാനത്തെ 50 ഗ്രാമപഞ്ചായത്തുകളില്‍ ആരംഭിച്ച പദ്ധതിയാണ് എല്ലാ തദ്ദേശസ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കുന്നത്.
എല്ലാ ജില്ലകളിലും വാര്‍ഡ് തലത്തിലും പഞ്ചായത്ത് തലത്തിലും ജനകീയ കമ്മിറ്റികള്‍ നിലവില്‍ വന്നുകഴിഞ്ഞു. വോളന്റിയര്‍മാര്‍ക്കുള്ള പരിശീലനം നടന്നുവരികയാണ്.
പ്രായാധിക്യം, ഗുരുതര രോഗം, അതിദാരിദ്ര്യം തുടങ്ങി വിവിധ കാരണങ്ങളാല്‍ അവശത അനുഭവിക്കുന്നവര്‍ക്കും അറിവില്ലായ്മയും മറ്റു നിസഹായതകളും കാരണം സര്‍ക്കാര്‍ സേവനങ്ങള്‍ യഥാസമയം ലഭിക്കാതിരിക്കുന്നവര്ക്കും സേവനം ലഭ്യമാക്കുന്നതാണു പദ്ധതി.
തദ്ദേശസ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ സാമൂഹ്യനീതി വകുപ്പിന്റെയും സാമൂഹ്യസന്നദ്ധ സേനാ ഡയറക്ടറേറ്റിന്റെയും കൂട്ടായ പ്രവര്‍ത്തനത്തിലൂടെയാണു പദ്ധതി നടപ്പാക്കുന്നത്.
മസ്റ്ററിംഗ്, ലൈഫ് സര്‍ട്ടിഫിക്കറ്റ്, സാമൂഹ്യ സുരക്ഷാ പെന്ഷന് അപേക്ഷ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നുള്ള സഹായത്തിനുള്ള അപേക്ഷ, ജീവന് രക്ഷാ മരുന്നുകള്‍ എന്നീ സേവനങ്ങളാണ് ആദ്യഘട്ടത്തില്‍ ലഭിക്കുക.