തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വൃക്ക മാറ്റിവെക്കലിനിടെ രോഗി മരിച്ച സംഭവത്തില്‍ വൃക്കയടങ്ങിയ പെട്ടി എടുത്ത് ആശുപത്രിയിലേക്ക് ഓടിയയാളെ തിരിച്ചറിഞ്ഞു
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വൃക്ക മാറ്റിവെക്കലിനിടെ രോഗി മരിച്ച സംഭവത്തില്‍ വൃക്കയടങ്ങിയ പെട്ടി എടുത്ത് ആശുപത്രിയിലേക്ക് ഓടിയയാളെ തിരിച്ചറിഞ്ഞു.
ആംബുലന്‍സ് ഡ്രൈവറായ അരുണ്‍ദേവ് ആണ് പെട്ടി എടുത്തത്. തിരുവനന്തപുരം ജില്ലയില്‍ ഇയാള്‍ ആയിരുന്നു ആംബുലന്‍സ് യാത്ര ഏകോപിപ്പിച്ചത്.
വൃക്ക കൊണ്ടുപോകാന്‍ ആശുപത്രി ജീവനക്കാര്‍ ആരും ഉണ്ടായിരുന്നില്ലെന്നും അതിനാലാണ് താന്‍ എടുത്തതെന്നും അരുണ്‍ പറഞ്ഞു. ഇതല്ലാതെ തനിക്ക് ദുരുദ്ദേശ്യം ഒന്നും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, ആശുപത്രി ജീവനക്കാരല്ലാത്ത ചിലര്‍ വൃക്കയടങ്ങിയ പെട്ടി എടുത്ത് അകത്തേക്ക് പോയത് ആശയക്കുഴപ്പമുണ്ടാക്കിയതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു. ഇതു സംബന്ധിച്ച് ആശുപത്രി അധികൃതര്‍ പരാതി ഉന്നയിച്ചിട്ടുണ്ടെന്നും അതില്‍ അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു.
ഞായറാഴ്ച ഉച്ചക്ക് 2.50നാണ് എറണാകുളത്തെ രാജഗിരി ആശുപത്രിയില്‍നിന്ന് വൃക്കയുമായി സംഘം പുറപ്പെട്ടത്. ഇക്കാര്യം രാവിലെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ അറിയിച്ചിരുന്നു. വൈകീട്ട് 5.30ന് ആംബുലന്‍സ് പൊലീസ് സുരക്ഷയില്‍ മെഡിക്കല്‍ കോളജിലെ സൂപ്പര്‍ സ്പെഷാലിറ്റി ബ്ലോക്കിന് മുന്നിലെത്തി. എന്നാല്‍, വൃക്കയുള്ള പെട്ടി വാങ്ങാന്‍ ആരുമുണ്ടായിരുന്നില്ല. പിന്നീട് ചില ജീവനക്കാരെത്തിയാണ് പെട്ടി വാങ്ങിയത്. അതാണ് അന്വേഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട ഏകോപനത്തില്‍ വീഴ്ചയുണ്ടായെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞു. രോഗിയുടെ മരണകാരണം പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമെ വ്യക്തമാകൂവെന്നും മന്ത്രി പറഞ്ഞു.
മെഡിക്കല്‍ കോളജ് അധികൃതരുടെ ഗുരുതര വീഴ്ചയെതുടര്‍ന്നാണ് അവയവമാറ്റ ശസ്ത്രക്രിയ നാല് മണിക്കൂറോളം വൈകിയതിനെ തുടര്‍ന്ന് രോഗി മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വൃക്ക മാറ്റിവെക്കാന്‍ പ്രവേശിപ്പിച്ച കാരക്കോണം സ്വദേശി സുരേഷ് കുമാര്‍ (62) ആണ് മരിച്ചത്.
ആരോഗ്യവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ആശാ തോമസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ വീഴ്ച ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ രണ്ട് വകുപ്പ് മേധാവികളെ സസ്പെന്‍ഡ് ചെയ്തിരുന്നു. മെഡിക്കല്‍ കോളജിലെ യൂറോളജി വിഭാഗം മേധാവി വാസുദേവന്‍ പോറ്റി, നെഫ്രോളജി വിഭാഗം മേധാവി ജേക്കബ് ജോര്‍ജ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.
എറണാകുളം രാജഗിരി ആശുപത്രിയില്‍നിന്ന് കടമ്ബകള്‍ ഏറെ പിന്നിട്ട് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ച വൃക്ക സൂക്ഷിച്ച ബാഗേജ് മണിക്കൂറുകളോളം ഓപറേഷന് തിയറ്ററിന് മുന്നില്‍ കാത്തുകിടന്നു. ശസ്ത്രക്രിയക്കായി രോഗിയെയും ഓപറേഷന് തിയറ്ററും സജ്ജമാക്കാനുള്ള കാലതാമസമായിരുന്നു കാരണം. വൈകീട്ട് 5.30ന് മെഡിക്കല്‍ കോളജില്‍ എത്തിച്ച അവയവം 8.30ഓടെയാണ് രോഗിക്ക് വെച്ചുപിടിപ്പിക്കാനായത്. ശസ്ത്രക്രിയക്ക് വിധേയനായ സുരേഷ് കുമാര്‍ തിങ്കളാഴ്ച ഉച്ചയോടെ മരിച്ചു.
എറണാകുളം രാജഗിരി ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന മസ്തിഷ്ക മരണം സംഭവിച്ച 34 കാരന്റെ അവയവങ്ങളാണ് ദാനം ചെയ്യാന്‍ ബന്ധുക്കള്‍ തീരുമാനിച്ചത്. ഒരു വൃക്ക കോട്ടയം മെഡിക്കല്‍ കോളജിനും മറ്റൊരു വൃക്കയും പാന്‍ക്രിയാസും കൊച്ചി അമൃത ആശുപത്രിക്കും കരള്‍ രാജഗിരി ആശുപത്രിക്കും നല്കാന് നിശ്ചയിച്ചു. എന്നാല്‍, കോട്ടയം മെഡിക്കല്‍ കോളജില്‍ വൃക്ക സ്വീകരിക്കാനുള്ള രോഗിയുടെ അഭാവത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിന് നല്കാന് തീരുമാനിക്കുകയായിരുന്നു. യൂറോളജി, നെഫ്രോളജി വിഭാഗങ്ങളിലെ രണ്ട് ഡോക്ടര്‍മാര്‍ ആംബുലന്‍സില്‍ എറണാകുളത്തെത്തി ഏറ്റുവാങ്ങിയാണ് അവയവം തിരുവനന്തപുരത്തെത്തിച്ചത്.
രാജഗിരിമുതല്‍ തിരുവനന്തപുരംവരെ ട്രാഫിക് സിഗ്നലുകള്‍ അണച്ച് ആംബുലന്സിനുവേണ്ടി പൊലീസ് ഗ്രീന്‍ചാനല്‍ ഒരുക്കി. മൂന്ന് മണിക്കൂറെടുത്ത് ആംബുലന്‍സ് മെഡിക്കല്‍ കോളജിലെത്തി. വൃക്ക മാറ്റിവെക്കലിന് മുമ്ബ് രോഗിക്ക് ഡയാലിസിസ് നടത്തണമെന്നും ഇതിനുണ്ടായ താമസമാണ് ശസ്ത്രക്രിയ വൈകാന്‍ കാരണമെന്നും ചൂണ്ടിക്കാട്ടി ഡോക്ടര്‍മാര്‍ പ്രശ്നം ലഘൂകരിക്കാനാണ് ശ്രമിച്ചത്. സംഭവത്തില്‍ മനുഷ്യാവകാശ കമീഷനും ഇടപെട്ടു. സംഭവം വിവാദമായതിന് പിന്നാലെ ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിടുകയും വൈകീട്ട് സസ്പെന്ഷന് പ്രഖ്യാപിക്കുകയുമായിരുന്നു.