കുറഞ്ഞ നിരക്കില്‍ വൈദ്യുതി ഉത്പാദിപ്പിച്ച് കുറഞ്ഞനിരക്കില്‍ വിതരണം നടത്താനാണ് വകുപ്പ് ശ്രമിക്കുന്നത് : മന്ത്രി കെ. കൃഷ്ണന്‍കുട്ടി
ചിന്നാര്‍ ചെറുകിട ജലവൈദ്യുത പദ്ധതിയുടെ രണ്ടാം ഘട്ട നിര്‍മ്മാണ ഉദ്ഘാടനം നടത്തി24 മെഗാ വാട്ട് സ്ഥാപിത ശേഷിയുള്ള ചിന്നാര്‍ ചെറുകിട ജലവൈദ്യുത പദ്ധതിയുടെ രണ്ടാം ഘട്ട നിര്‍മ്മാണ ഉദ്ഘാടനം പനം കുട്ടി സെന്റ് ജോസഫ് യു.പി.സ്‌കൂളില്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വ്വഹിച്ചു. കുറഞ്ഞ നിരക്കില്‍ വൈദ്യുതി ഉത്പാദിപ്പിച്ച് കുറഞ്ഞനിരക്കില്‍ വൈദ്യുതി വിതരണം നടത്താനാണ് വൈദ്യുതി വകുപ്പ് ശ്രമിക്കുന്നതെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. നിലവില്‍ സംസ്ഥാനത്തിനാവശ്യമായ 70 ശതമാനം വൈദ്യുതിയുമിപ്പോള്‍ പുറത്തു നിന്ന് വാങ്ങുകയാണ്. വൈദ്യുതി ഉത്പാദനത്തിന് ധാരാളം സാധ്യതയുള്ള സംസ്ഥാനമാണ് കേരളം. ഏറ്റവും കുറഞ്ഞ നിരക്കില്‍ വൈദ്യുതി കൊടുക്കാനായാല്‍ മാത്രമെ കേരളത്തില്‍ വ്യവസായം വളരൂ. പ്രസ്തുത ലക്ഷ്യത്തിലേക്ക് ദീര്‍ഘ വീക്ഷണത്തോടെയുള്ള പദ്ധതികൊണ്ടു വരണമെന്ന് ബോര്‍ഡ് ആഗ്രഹിക്കുന്നു. ഇതിനോടകം 171 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിച്ച് കൂട്ടിച്ചേര്‍ക്കാന്‍ കഴിഞ്ഞു. ഏറ്റവും കുറഞ്ഞനിരക്കില്‍ വൈദ്യുതി ലഭിക്കുന്നത് ഹൈഡ്രല്‍ പ്രൊജക്ടിലൂടെയാണ്. പരിസ്ഥിതി പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ച് ഹൈഡല്‍ പ്രൊജക്റ്റുകളെ എതിര്‍ക്കുന്ന ഒരു പ്രവണത മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വിഭിന്നമായി കേരളത്തിലുണ്ടെന്നും മന്ത്രി പറഞ്ഞു.
ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ അധ്യക്ഷത വഹിച്ചു. ഊര്‍ജ്ജ പരിരക്ഷയാണ് നാടിനാവശ്യമെന്നും ഇക്കാര്യത്തിനായി ഇടുക്കി വലിയ പിന്തുണ നല്‍കിയിട്ടുണ്ടെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ചിന്നാര്‍ ജലവൈദ്യുത പദ്ധതിക്കായി ജനങ്ങള്‍ വലിയ പിന്തുണ നല്‍കിയിട്ടുണ്ടെന്നും സമയബന്ധിതമായി പദ്ധതി പൂര്‍ത്തീകരിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും ജലവിഭവ വകുപ്പ് മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് വര്‍ദ്ധിച്ച് വരുന്ന വൈദ്യുതി ഉപഭോഗം മുന്നില്‍ക്കണ്ട് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡ് നടപ്പാക്കി വരുന്ന പദ്ധതികളിലൊന്നാണ് 24 മെഗാവാട്ട് സ്ഥാപിത ശേഷിയുള്ള ചിന്നാര്‍ ചെറുകിട ജലവൈദ്യുത പദ്ധതി. പെരിയാറിന്റെ പ്രധാന പോഷകനദികളിലൊന്നായ പെരിഞ്ചാംകുട്ടി നദിയുടെ 410 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള വൃഷ്ടി പ്രദേശത്തില്‍, 255 ചതുരശ്ര കിലോമീറ്റര്‍ വൃഷ്ടിപ്രദേശത്തെ ജലം ഇടുക്കി മൂന്നാം ഘട്ട വിപുലീകരണ പദ്ധതിയായ കല്ലാര്‍ ഇരട്ടയാര്‍ പദ്ധതിക്കായി തിരിച്ച് വിട്ടിട്ടുണ്ട്. പെരിയാറില്‍ പെരിഞ്ചാംകുട്ടി നദി സംഗമിക്കുന്ന പനംകൂട്ടിക്ക് 5 കിലോമീറ്റര്‍ മുകളില്‍ വരെയുള്ള പെരിഞ്ചാംകുട്ടി നദിയുടെ ബാക്കിയുള്ള വൃഷ്ടിപ്രദേശത്ത് വരുന്ന ജലം ഉപയോഗിച്ച് വിഭാവനം ചെയ്ത പദ്ധതിയാണ് ചിന്നാര്‍ ചെറുകിട ജലവൈദ്യുത പദ്ധതി.
76.45 ദശലക്ഷം യൂണിറ്റ് വൈദ്യുതി വാര്‍ഷിക ഉത്പാദന ശേഷിയുള്ള പദ്ധതിയുടെ ഒന്നാംഘട്ട സിവില്‍ പ്രവര്‍ത്തികളുടെ നിര്‍മ്മാണോദ്ഘാടനം 2018 മെയ് മാസത്തില്‍ നിര്‍വ്വഹിച്ചിരുന്നു. ഇതിന്റെ ഭാഗമായി പദ്ധതിയുടെ പ്രധാന ഘടകങ്ങളായ 150 മീറ്റര്‍ നീളമുള്ള തടയണ, ഇന്‍ടേക്ക്, 3125 മീറ്റര്‍ നീളമുള്ള ഭൂഗര്‍ഭ തുരങ്കം, 55 മീറ്റര്‍ ആഴമുള്ള സര്‍ജ് ഷാഫ്റ്റ്, 92 മീറ്റര്‍ നീളമുള്ള ലോപ്രഷര്‍ പൈപ്പ് എന്നിവയുടെ നിര്‍മ്മാണം 95 ശതമാനം വിജയകരമായി പൂര്‍ത്തീകരിക്കാന്‍ സാധിച്ചിട്ടുണ്ട്. പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ നിര്‍മ്മിക്കുവാന്‍ ലക്ഷ്യമിടുന്നത് വാല്‍വ് ഹൗസ്, 2 മീറ്റര്‍ വ്യാസവും 550 മീറ്റര്‍ നീളവുമുള്ള പെന്‍സ്റ്റോക്ക് പൈപ്പ്, 40ഃ20 മീറ്റര്‍ വലിപ്പമുള്ള പവര്‍ഹൗസ്, അനുബന്ധ സ്വിച്ച് യാര്‍ഡ്, ഇലക്ട്രോമെക്കാനിക്കല്‍ ജോലികള്‍ എന്നിവയാണ്. പദ്ധതി നിര്‍മ്മാണം തുടങ്ങി രണ്ട് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിച്ച് വൈദ്യുതി ഉത്പാദനം തുടങ്ങാന്‍ ലക്ഷ്യമിടുന്നു.
പദ്ധതിയുടെ നിര്‍മ്മാണത്തിനായി ആകെ വേണ്ടിവരുന്നത് 16.03 ഹെക്ടര്‍ സ്ഥലമാണ്. പ്രസ്തുത പദ്ധതിക്ക് വനഭൂമി ആവശ്യമായി വരുന്നില്ല എന്നത് എടുത്ത് പറയേണ്ട ഒരു വസ്തുതയാണ്. പദ്ധതിക്ക് ആവശ്യമായ മുഴുവന്‍ ഭൂമിയും ഏറ്റെടുത്ത് കഴിഞ്ഞു.
ചിന്നാര്‍ ചെറുകിട ജലവൈദ്യുത പദ്ധതിയുടെ രണ്ടാം ഘട്ടനിര്‍മ്മാണത്തിന്റെ ടെണ്ടര്‍ നടപടികളും പൂര്‍ത്തീകരിക്കാന്‍ സാധിച്ചിട്ടുണ്ട്. രണ്ട് വര്‍ഷത്തിനുള്ളില്‍ തന്നെ സമയബന്ധിതമായി രണ്ടാംഘട്ട നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തീര്‍ക്കാന്‍ കഴിയുമെന്നാണ് വകുപ്പിന്റെ പ്രതീക്ഷ. പരിപാടിയില്‍ ഉടുമ്പന്‍ചോല എംഎല്‍എയും മുന്‍ വൈദ്യുതി വകുപ്പ് മന്ത്രിയുമായ എം.എം മണി ചടങ്ങില്‍ മുഖ്യാതിഥിയായി.
അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോമന്‍ ചെല്ലപ്പന്‍, ജില്ലാ പഞ്ചായത്തംഗം ഷൈനി സജി, കൊന്നത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമ്യാ റെനീഷ്, മറ്റ് ത്രിതല പഞ്ചായത്തംഗങ്ങള്‍,കെ എസ് ഇ ബി ലിമിറ്റഡ് ചെയര്‍മാന്‍ ഡോ.ബി അശോക്, സിവില്‍ ജനറേഷന്‍ ഡയറക്ടര്‍ ജി. രാധാകൃഷ്ണന്‍, ഇലക്ട്രിക്കല്‍ ജനറേഷന്‍ ഡയറക്ടര്‍ സിജി ജോസ്, പനംകുട്ടി സെന്റ് ജോസഫ് യു പി സ്‌കൂള്‍ മാനേജര്‍ ഫാ.ജോര്‍ജ്ജ് കരിന്തേല്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.