രാജാക്കാട് കവിയരങ്ങോടെ വായന ദിനം ആചരിച്ചു
രാജാക്കാട് ഗ്രാമപഞ്ചായത്തിൻ്റെയും പഴയവിടുതി ഗവ:യു .പി.സ്കൂളിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ വായനാദിനവും പി എൻ പണിക്കർ അനുസ്മരണവും വിപുലമായ പരിപാടികളോടെ സ്കൂളിൽ സംഘടിപ്പിച്ചു.അക്ഷരദീപം തെളിച്ച് ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ജിജി.കെ.ഫിലിപ്പ് വായനദിനാഘോഷം ഉദ്ഘാടനം ചെയ്തു. രാജാക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കുഞ്ഞുമോൻ അദ്ധ്യക്ഷത വഹിച്ചു. നെടുംകണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ .ടി. കുഞ്ഞ് കുട്ടികൾക്കായി നടത്തിയ വായന മത്സരങ്ങളുടെ സമ്മാനം വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്തു മെമ്പർമാർ ആശംസകളറിയിച്ചു. തുടർന്നു നടന്ന കവിയരങ്ങിൽ കവിയും മാധ്യമ പ്രവർത്തകനുമായ ആൻ്റണി മുനിയറ കവിയരങ്ങിനു നേതൃത്വം കൊടുത്തു കവിതയവതരിപ്പിച്ചു. കവികളായ ജിജോ രാജകുമാരി, ആർ .സി .സുജിത്ത്, അർജുൻ വി അജയൻ, കെ.സി.രാജു, ഷീല ഷാജി, ബിന്ദു പത്മകുമാർ, ജോളി ജോൺ എന്നിവർ കവിതകളവതരിപ്പിച്ചു. കവിതകളെല്ലാം ശ്രദ്ധേയമായി. പ്രശസ്ത ഗായകൻ ബിജോയ് പി ജോക്കബ് കവിതകൾ ആലപിച്ചു. കവികൾ 50 ലധികം പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിക്ക് സംഭാവന ചെയ്തു. കവികളെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ജിജി കെ.ഫിലിപ്പ് പൊന്നാടയണിയിച്ച് ആദരിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ആസാദ് എ എസ് സ്വാഗതവും ഗ്രാമപഞ്ചായത്തു സെക്രട്ടറി ആർ സി സുജിത്ത് കൃതജ്ഞതയും പറഞ്ഞു.