ചീനിക്കുഴി കൂട്ടക്കൊല: ഹമീദ് നടത്തിയ ആസൂത്രണങ്ങള്‍ കുറ്റപത്രത്തിൽ
തൊടുപുഴ ഇടുക്കി ചീനിക്കുഴിയിൽ മകനെയും മരുമകളെയും പേരക്കുട്ടികളെയും ദാരുണമായി കൊലപ്പെടുത്തിയ കേസിൽ മുട്ടം സെഷൻസ് കോടതിയിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു.
മകന്‍ മുഹമദ് ഫൈസലിനെയും കുടുംബത്തെയും തീയിട്ട് കൊല്ലാന്‍ ഹമീദ് നടത്തിയ ആസൂത്രണങ്ങള്‍ ശാസ്ത്രീയ തെളിവുകള്‍ നിരത്തി കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
മാർച്ച് 19ന് പുലർച്ചെയാണ് നാടിനെ നടുക്കിയ ക്രൂര കൊലപാതകം നടന്നത്. സ്വത്ത് തര്‍ക്കത്തിന്റെ പേരിലായിരുന്നു മുഹമ്മദ് ഫൈസൽ, ഭാര്യ ഷീബ മക്കളായ മെഹ്‌റിൻ, അസ്ന എന്നിവരെ എഴുപത്തിയൊന്‍പതുകാരനായ ഹമീദ് കിടപ്പു മുറിയിൽ ഉറങ്ങി കിടക്കവെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയത്.
ഇവരെ കൊലപ്പെടുത്താല്‍ രണ്ട് ദിവസം മുന്‍പ് തന്നെ പ്രതി പെട്രോള്‍ വാങ്ങിവച്ചു. വീട് മുഴുവന്‍ കത്തുമെന്ന് മനസിലാക്കിയ പ്രതി തന്റെ ഒന്നര ലക്ഷം രൂപയും ഭൂമിയുടെ രേഖകളും ദിവസങ്ങള്‍ക്ക് മുന്‍പ് സഹോദരന്റെ വീട്ടില്‍ എത്തിച്ചു.
പെട്രോളിന്റെ ജ്വലനശേഷിയെക്കുറിച്ചു മനസിലാക്കി അര ലീറ്ററിന്റെ കുപ്പികളിൽ പകുതി ഭാഗം മാത്രം പെട്രോൾ നിറച്ച് മുകളിൽ തുണി തിരുകി കത്തിച്ച ശേഷമായിരുന്നു കുപ്പികൾ മുറിയിലിട്ടത്.
കൊലപാതകത്തിന് മുന്‍പ് പെട്രോള്‍ ഒഴിക്കുന്നതും തീയിടുന്നതും പരിശീലിച്ചു. അങ്ങനെ കൊടും ക്രൂരതകള്‍ വിവരിക്കുന്നതാണ് 1200 പേജ് വരുന്ന കുറ്റപത്രം. കേസില്‍ 116 സാക്ഷികളുണ്ട്. തെളിവായി 82 തൊണ്ടി സാധനങ്ങളും കോടതിയിൽ സമർപ്പിച്ചു.
കേസ് അന്വേഷണത്തിന് നേതൃത്വം നൽകിയ നർകോട്ടിക് ഡിവൈ.എസ്.പി എ.ജി ലാലാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രതി ഹമീദ് മക്കാർ മുട്ടം ജയിലിൽ റിമാൻഡിൽ കഴിയുകയാണ്