കാട്ടുപോത്തിനെ കൊന്ന് ഇറച്ചികടത്തിയ സംഭവത്തില്‍ വനം വകുപ്പ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
മൂന്നാര്‍: കാട്ടുപോത്തിനെ കൊന്ന് ഇറച്ചികടത്തിയ സംഭവത്തില്‍ വനം വകുപ്പ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ദേവികുളം റേഞ്ചിലാണ് നായാട്ടുകാര്‍ ഉപേക്ഷിച്ച കാട്ടുപോത്തിന്റെ ശരീരാവശിഷ്‌ടങ്ങള്‍ കണ്ടെത്തിയത്.
ഈ മാസം 12നായിരുന്നു സംഭവം. ദേവികുളം റേഞ്ചിലെ അരുവിക്കാട് സെക്‌ടറില്‍ നെറ്റിക്കുടി ഭാഗത്താണ് കാട്ടുപോത്തിന്റെ തലയും കാലും മറ്റ് ശരീരഭാഗങ്ങളും നാട്ടുകാര്‍ കണ്ടത്. ഇവര്‍ വിവരം അറിയിച്ചതനുസരിച്ച് ദേവികുളം റേഞ്ച് ഓഫീസര്‍ പി എസ് സജീവിന്റെ നേതൃത്വത്തില്‍ വനപാലകര്‍ സ്‌ഥലത്തെത്തി മഹസര്‍ തയ്യാറാക്കി. വെറ്ററിനറി ഡോക്‌ടര്‍ പരിശോധന നടത്തിയശേഷം തൊണ്ടി മുതല്‍ ദേവികുളം കോടതിയില്‍ ഹാജരാക്കി.
നാല് മാസം പ്രായമുള്ള പെണ്‍കാട്ടുപോത്താണ് ചത്തതെന്ന് വനപാലകര്‍ അറിയിച്ചു. മേഖലയിലും പരിസരങ്ങളിലുമുള്ള ചിലരെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കകയാണ്. തോട്ടം തൊഴിലാളികളില്‍ ചിലരുടെ പിന്തുണ നായാട്ട് സംഘത്തിന് ലഭിച്ചിരിക്കാമെന്ന നിഗമനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.