അഗ്നിപഥ് പദ്ധതിയില്‍ മാറ്റം വരുത്തി കേന്ദ്രം; പ്രായപരിധി 23 ആക്കി, ഇളവ് ഇത്തവണ മാത്രം
പുതിയ സൈനികരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള കേന്ദ്രസർക്കാരിൻെറ അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യത്ത് പലയിടങ്ങളിലും പ്രതിഷേധം ശക്തമാകുന്നതിനിടെ പദ്ധതിയില്‍ ഇളവ് പ്രഖ്യാപിച്ച് കേന്ദ്രം. പദ്ധതിക്ക് കീഴിലുള്ള റിക്രൂട്ട്‌മെന്റിനുള്ള ഉയർന്ന പ്രായപരിധി 21 ൽ നിന്ന് 23 ആയി കേന്ദ്രം ഉയര്‍ത്തി. കഴിഞ്ഞ 2 വര്‍ഷമായി ആര്‍മിയിലേക്കുള്ള റിക്രൂട്ട്മെന്‍റ് നിര്‍ത്തിവെച്ചിരുന്ന സാഹചര്യത്തിലാണ് നടപടി.അഗ്നിപഥ് പദ്ധതിക്കെതിരേ രാജ്യമെങ്ങും പ്രത്യേകിച്ച് ഉത്തരേന്ത്യയില്‍ വ്യാപക പ്രതിഷേധവും വിമര്‍ശനവും ഉയര്‍ന്നിരുന്നു. ഇതിനെ തണുപ്പിക്കാനാവുമെന്ന പ്രതീക്ഷ മുന്‍നിര്‍ത്തിയാണ് പദ്ധതിയിലെ അംഗമാകാനുള്ള ഉയര്‍ന്ന പ്രായപരിധി 21-ല്‍നിന്ന് 23 ആക്കി ഉയര്‍ത്തിയിരിക്കുന്നത്.ഈ വര്‍ഷത്തേക്കു മാത്രമാണ് ഈ ഉയര്‍ന്ന പ്രായപരിധി ഇളവ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കോവിഡ് സാഹചര്യത്തെ തുടര്‍ന്ന് കഴിഞ്ഞ രണ്ടുവര്‍ഷമായി സൈന്യത്തിലേക്ക് റിക്രൂട്ട്‌മെന്റുകളൊന്നും നടന്നിട്ടില്ല. അതിനാലാണ് ഇക്കൊല്ലത്തേക്ക് മാത്രം ഉയര്‍ന്ന പ്രായപരിധി 23 ആക്കി ഉയര്‍ത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. 17.5 വയസിനും 21 വയസിനും ഇടയിൽ പ്രായമുള്ള യുവാക്കളെ നാല് വർഷത്തേക്ക് ഇന്ത്യൻ സായുധ സേനയിൽ നിയമിക്കുന്ന പദ്ധതി കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ പദ്ധതിക്കെതിരെ രാജ്യത്തിന്‍റെ വിവിധ ഭാഗത്ത് പ്രതിഷേധം ഉയര്‍ന്നു. പലയിടത്തും പ്രതിഷേധം അക്രമാസക്തമായി. ബീഹാറിൽ പ്രതിഷേധക്കാർ തീവണ്ടിയുടെ ബോഗി കത്തിച്ചു. ഉത്തർപ്രദേശിലും ശക്തമായ പ്രതിഷേധങ്ങളാണ് ഉണ്ടായത്. രണ്ട് സംസ്ഥാനങ്ങളിലും പ്രതിഷേധക്കാർക്ക് നേരെ പോലീസ് ലാത്തിച്ചാർജ് നടത്തി. ജമ്മുവിൽ ആർമി റിക്രൂട്ട്മെൻറ് ഓഫീസിന് മുന്നിൽ പ്രതിഷേധിച്ച യുവാക്കളെയും പോലീസ് ലാത്തി വീശിയാണ് മാറ്റിയത്.ബീഹാറിൽ പോലീസും പ്രതിഷേധക്കാരും തമ്മിൽ സംഘർഷവുമുണ്ടായി. യുപിയിലെ ബുലന്ദ്സഹറിലും വലിയ പ്രതിഷേധങ്ങളാണ് ഉണ്ടായത്. ബീഹാറിലെ ചില പ്രദേശങ്ങളിൽ ലാത്തിച്ചാർജ്ജിന് പുറമെ, പ്രതിഷേധക്കാരെ ഓടിക്കാൻ പോലീസ് വെടിവെപ്പ് നടത്തിയതായും റിപ്പോർട്ടുണ്ട്. ഇത് തുടർച്ചയായ രണ്ടാം ദിവസമാണ് പ്രതിഷേധം നടക്കുന്നത്. കഴിഞ്ഞ ദിവസം പലയിടങ്ങളിലും റെയിൽ ഗതാഗതം തടസ്സപ്പെടുത്തിയിരുന്നു.
പദ്ധതിയ്ക്ക് കീഴില്‍ നാല് വർഷത്തേക്ക് താൽക്കാലികമായാണ് ജോലി നൽകുന്നത്. ഇതുകൊണ്ട് തൊഴിലില്ലായ്മ പരിഹരിക്കാൻ സാധിക്കില്ലെന്ന് ഉദ്യോഗാർഥികളിൽ വലിയൊരു വിഭാഗം പറയുന്നു. കഴിഞ്ഞ രണ്ട് വർഷമായി ഇന്ത്യൻ ആർമിയിലേക്കുള്ള റിക്രൂട്ട്മെൻറ് നിർത്തിവെച്ചിരിക്കുകയായിരുന്നു. റിക്രൂട്ട്‌മെന്റ് സ്കീമിനെതിരെ പ്രതിഷേധക്കാർ ഉന്നയിച്ച നിരവധി വിഷയങ്ങളിൽ പ്രധാനം ഉയർന്ന പ്രായപരിധി 21 വയസ്സാണ് എന്നതായിരുന്നു.