ചീനിക്കുഴിയിലെ കൂട്ടക്കൊലപാതകം: പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു
തൊടുപുഴ: ഉടുമ്പന്നൂരിന് സമീപം ചീനിക്കുഴിയില്‍ മകനെയും മരുമകളെയും കൊച്ചുമക്കളെയും മുറിക്കുള്ളില്‍ അടച്ചിട്ട് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊന്ന കേസില്‍ പ്രതിക്കെതിരേ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കേസിലെ പ്രതി ആലിയേകുന്നേല്‍ ഹമീദിനെതിരെയാണ് അന്വേഷണ സംഘം വ്യാഴാഴ്ച മുട്ടം സെഷന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. 1200 പേജ് വരുന്ന കുറ്റപത്രത്തില്‍ 116 സാക്ഷികളുണ്ട്. തെളിവായി 82 തൊണ്ടി മുതലുകളും സമര്‍പ്പിച്ചു. നര്‍കോട്ടിക് ഡി.വൈ.എസ്.പി എ. ജി ലാലിന്റെ നേതൃത്വത്തില്‍ മൂന്നുമാസം കൊണ്ടാണ് പോലീസ് അന്വേഷണം പൂര്‍ത്തിയക്കിയത്. മാര്‍ച്ച് 19-ന് രാത്രി 12.30-നായിരുന്നു സംഭവം. അലിയേകുന്നേല്‍ വീട്ടില്‍ മുഹമ്മദ് ഫൈസല്‍ (ഷിബു,50) ഫൈസലിന്റെ ഭാര്യ ഷീബ(45) ഇവരുടെ മക്കളായ മെഹ്റിന്‍ (16) അസ്ന (11)എന്നിവരെ ഫൈസലിന്റെ പിതാവ് ഹമീദ്(79) തീവെച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. മകനുമായുള്ള സ്വത്ത് തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. പ്രതി ആസൂത്രിതമായാണ് കൊലപാതകം നടത്തിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ഇരകള്‍ രക്ഷപ്പെടാനുള്ള എല്ലാ മാര്‍ഗങ്ങളും ഇയാള്‍ അടച്ചു. കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തില്‍ പെട്രോള്‍ നിറച്ച കുപ്പികള്‍ തുടര്‍ച്ചയായി ഇവരുടെ മുറിയിലേക്കെറിഞ്ഞെന്നും കുറ്റപത്രത്തിലുണ്ട്. സംഭവ ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച ഹമീദിനെ പോലീസ് അന്നു തന്നെ അറസ്റ്റു െചയ്തിരുന്നു. ഇയാള്‍ ഇപ്പോഴും മുട്ടം ജയിലിലാണ്.