തിരുവനന്തപുരത്ത് കോസ്റ്റല്‍ പോലീസുകാരെ മത്സ്യത്തൊഴിലാളികള്‍ തട്ടിക്കൊണ്ടുപോയി
തിരുവനന്തപുരം: തിരുവനന്തപുരത്ത് മത്സ്യബന്ധന ബോട്ടിലെ തൊഴിലാളികൾ രണ്ട് ഉദ്യോഗസ്ഥരെയും കോസ്റ്റ് ഗാർഡിനെയും തട്ടിക്കൊണ്ടുപോയി. അനധികൃത വലകൾ ഉപയോഗിച്ച് മത്സ്യബന്ധനം തടയാനെത്തിയവരെയാണ് തട്ടിക്കൊണ്ടുപോയത്. പിന്നീട് കോസ്റ്റൽ പൊലീസ് എത്തി ഉദ്യോഗസ്ഥരെ വിട്ടയച്ചു.
തുമ്പ ഭാഗത്ത് നിരോധിത ട്രാപ്പ് വലകൾ ഉപയോഗിച്ച് പതിനഞ്ചോളം ബോട്ടുകൾ മത്സ്യബന്ധനം നടത്തുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് വിഴിഞ്ഞം കോസ്റ്റൽ പൊലീസ് സ്ഥലത്തെത്തിയത്. കടലിൽ മത്സ്യബന്ധനം നടത്തുകയായിരുന്ന ബോട്ടിൽ കയറിയ പൊലീസ് ഇവരോട് വിഴിഞ്ഞത്തേക്ക് പോകാൻ നിർദേശം നൽകി. എന്നാല്‍, ബോട്ട് ഉദ്യോഗസ്ഥരുമായി വേഗതയിൽ അഞ്ചുതെങ്ങിലേക്ക് പോകുകയായിരുന്നു. ബോട്ടിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ ഇവർ ഭീഷണിപ്പെടുത്തുകയും ചെയ്തു.
കോസ്റ്റൽ പോലീസുകാരായ എ.എസ്.ഐ അജിത്ത്, സി.പി.ഒ വിനോദ്, കോസ്റ്റ് ഗാർഡ് സൂസൻ എന്നിവരെയാണ് തട്ടിക്കൊണ്ടുപോയത്. വിവരമറിഞ്ഞ് അഞ്ചുതെങ്ങ് തീരദേശ പോലീസിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി ഉദ്യോഗസ്ഥരെ മോചിപ്പിച്ചു.