ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത് ഉമ തോമസ്
തിരുവനന്തപുരം: തൃക്കാക്കര നിയോജക മണ്ഡലത്തില്‍ നിന്ന് വിജയിച്ച ഉമ തോമസ് എം.എല്‍.എയായി സത്യപ്രതിജ്ഞ ചെയ്തു.
രാവിലെ 11ന് നിയമസഭ സമുച്ചയത്തിലെ സ്പീക്കറുടെ ചേംബറിലാണ് സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്.
ദൈവനാമത്തിലാണ് ഉമ തോമസ് സത്യവാചകം ചൊല്ലിയത്. സ്പീക്കര്‍ എം.ബി രാജേഷ്, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന്‍, യു.ഡി.എഫ് എം.എല്‍.എമാര്‍ അടക്കമുള്ളവര്‍ പങ്കെടുത്തു.
പി.ടി തോമസിന്‍റെ നിലപാടുകള്‍ പിന്തുടരുമെന്ന് ഉമ തോമസ് പറഞ്ഞു. സ്ത്രീകളുടെ പ്രശ്നങ്ങള്‍ക്ക് മുന്‍ഗണന നല്‍കും. ജനങ്ങളുടെ അഭിപ്രായം മാനിച്ച് മുന്നോട്ടു പോകുമെന്നും ഉമ തോമസ് മാധ്യമങ്ങളോട് വ്യക്തമാക്കി.
കോണ്‍ഗ്രസ് സിറ്റിങ് എം.എല്‍.എ പി.ടി. തോമസ് അന്തരിച്ച ഒഴിവിലാണ് തൃക്കാക്കരയില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്. വാശിയേറിയ തെരഞ്ഞെടുപ്പ് 25,016 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഡോ. ജോ ജോസഫിനെ ഉമ തോമസ് പരാജയപ്പെടുത്തിയത്. ഉമ 72770 വോട്ടും ജോ ജോസഫ് 47754 വോട്ടും എന്‍.ഡി.എ സ്ഥാനാര്‍ഥി എ.എന്‍ രാധാകൃഷ്ണന്‍ 12957 വോട്ടും നേടി.