സ്വകാര്യ ടൂറിസ്റ്റ് ബസ്സുകള്‍ വാടകയ്‌ക്കെടുക്കാൻ കെഎസ്ആർടിസി
തിരുവനന്തപുരം: ദീർഘദൂര സർവീസിനും ബജറ്റ് ടൂറിസത്തിനുമായി കെ.എസ്.ആർ.ടി.സി കൂടുതൽ സ്വകാര്യ ടൂറിസ്റ്റ് ബസുകൾ വാടകയ്ക്കെടുക്കുന്നു. കാലഹരണപ്പെട്ട 249 സൂപ്പർക്ലാസ് ബസുകൾ അടിയന്തരമായി നിർത്തലാക്കേണ്ടതിനാലും ബജറ്റ് ടൂറിസത്തിനായി കൂടുതൽ ബസുകൾ മാറ്റാൻ കഴിയാത്തതിനാലുമാണ് ഇത്. സൂപ്പർ ക്ലാസ് ബസുകളാണ് കോർപ്പറേഷന് ഏറ്റവും മികച്ച വരുമാനം ഉണ്ടാക്കുന്നത്. നിലവിലുള്ള ബസുകളുടെ കാലാവധി തീരുന്നതോടെ ദീർഘദൂര സർവീസുകളിൽ കെ.എസ്.ആർ.ടി.സിയുടെ സാന്നിധ്യം ഇല്ലാതാകും.
ഒരു വർഷത്തിനുള്ളിൽ പ്രതിസന്ധി രൂക്ഷമാകും. 183 കോടി രൂപയിലെത്തിയ ടിക്കറ്റ് വരുമാനവും ഇടിയും. സൂപ്പർ ക്ലാസ് ബസുകളുടെ റൂട്ടിൽ ഓടാൻ മതിയായ ബസുകളും കെ-സ്വിഫ്റ്റിൽ ഇല്ല. ഒഴിവാക്കിയ ബസുകൾക്ക് പകരം 116 ബസുകൾ മാത്രമാണ് സ്വിഫ്റ്റിൽ ഓടാൻ ഉള്ളത്. കിഫ്ബി ഫണ്ട് ഉപയോഗിച്ച് 700 ബസുകൾ വാങ്ങാൻ അനുമതിയുണ്ടെങ്കിലും സിഎൻജി-ഇലക്ട്രിക് ബസുകൾ മാത്രമേ വാങ്ങാൻ കഴിയൂ. ദീർഘദൂര യാത്രയ്ക്ക് ഈ ബസുകൾ ഉപയോഗിക്കാൻ കഴിയില്ല.
കൂടിയതും വേഗത്തില്‍ ഓടിക്കാനാകുന്നതും യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുമാണ് കോര്‍പ്പറേഷന്‍ കൂടുതല്‍ സ്വകാര്യ ടൂറിസ്റ്റ് ബസുകള്‍ വാടകയ്‌ക്കെടുക്കുന്നത്. ബസുകൾ മാത്രമാണ് കോർപ്പറേഷൻ വാടകയ്ക്കെടുക്കാൻ ഉദ്ദേശിച്ചിരുന്നത്. എന്നാൽ, സുരക്ഷാ കാരണങ്ങളാൽ സ്വകാര്യ ബസ് ഉടമകൾ ഇതിൽ താൽപ്പര്യം കാണിച്ചില്ല. ഇതോടെയാണ് ഡ്രൈവറുള്ള ബസുകള്‍ എടുക്കാന്‍ തീരുമാനിച്ചത്.