ഷാജ് കിരൺ കേരളത്തിലേക്ക് മടങ്ങിയെത്തി; പൊലീസിന് മുന്നിൽ ഹാജരാകും
കൊച്ചി: സ്വപ്നയുമായി നടത്തിയ സംഭാഷണം മൊബൈൽ ഫോണിൽ നിന്ന് വീണ്ടെടുക്കാൻ അയൽ സംസ്ഥാനത്തേക്ക് പോയ ഷാജ് കിരൺ കേരളത്തിലേക്ക് മടങ്ങി. ഉച്ചയോടെ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകുമെന്ന് ഷാജ് പ്രതികരിച്ചു. അതേസമയം, സി.പി.എം അനുകൂല അഭിഭാഷക സംഘടനയുടെ നേതാവ് നൽകിയ പരാതിയിൽ പാലക്കാട് കസബ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്ന ഹൈക്കോടതിയെ സമീപിക്കും.
ഇന്ന് കേരളത്തിലേക്ക് മടങ്ങുമെന്ന് ഷാജ് കിരണ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഷാജ് കിരണിനെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം കഴിഞ്ഞ ദിവസം നിയമോപദേശം തേടിയിരുന്നു. താൻ നിരപരാധിയാണെന്നും രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണ് കുടുക്കുന്നതെന്നും ഷാജ് കിരൺ കഴിഞ്ഞ ദിവസം മുൻകൂർ ജാമ്യാപേക്ഷയിൽ വാദിച്ചിരുന്നു.
സ്വപ്ന ഓഡിയോ ക്ലിപ്പ് പുറത്തുവിട്ടിരുന്നെന്നും അത് എഡിറ്റ് ചെയ്തതാണെന്നും ഷാജ് കിരൺ ആരോപിച്ചു. സ്വപ്നയുമായി സംസാരിച്ച കാര്യങ്ങൾ ഫോണിലുണ്ടായിരുന്നെന്നും പിന്നീട് അത് ഡിലീറ്റ് ചെയ്തുവെന്നും ഷാജ് പറഞ്ഞിരുന്നു. അത് തിരിച്ചെടുക്കാൻ കഴിയുമോ എന്നറിയാനാണ് ഷാജ് കിരൺ കേരളത്തിന് പുറത്തേക്ക് പോയത്. ഫോണിലെ വിവരങ്ങൾ തിരികെ ലഭിച്ചിട്ടില്ലെന്ന് ഷാജ് കിരൺ മാധ്യമങ്ങളോട് പറഞ്ഞു.