വിമാനത്തിലെ പ്രതിഷേധം; വധശ്രമത്തിന് കേസ് ചുമത്തി
തിരുവനന്തപുരം: വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസെടുത്തു. കണ്ണൂർ സ്വദേശികളായ ഫർസീൻ മജീദ്, നവീൻ കുമാർ, സുനിത് കുമാർ എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, ക്രിമിനൽ ഗൂഡാലോചന, വിമാനത്തിന്റെ സുരക്ഷയ്ക്ക് ഭംഗം വരുത്തുന്ന വിധത്തിൽ അക്രമം നടത്തൽ തുടങ്ങിയ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്.
മുഖ്യമന്ത്രിക്കൊപ്പം വിമാനത്തിലുണ്ടായിരുന്ന ഗൺമാൻ അനിൽകുമാറിന്റെ പരാതിയിലാണ് വലിയതുറ പൊലീസ് കേസെടുത്തത്. മർദ്ദനമേറ്റതായി പരാതിപ്പെട്ട രണ്ട് പ്രതികളും പൊലീസ് സംരക്ഷണയിൽ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാനത്തിൽ യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ സെക്രട്ടറി ആർ.കെ.നവീൻ കുമാറും മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റ് ഫർസീൻ മജീദും ‘മുഖ്യമന്ത്രി രാജിവയ്ക്കുക’ എന്ന മുദ്രാവാക്യം ഉയർത്തി. എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ അവരെ സീറ്റുകൾക്കിടയിലേക്ക് തള്ളിവിട്ടു.