‘ഷെയിം ഓണ്‍ യു ഇന്‍ഡിഗോ,; ഇന്‍ഡിഗോയ്‌ക്കെതിരെ പ്രതിഷേധം
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിമാനത്തിനുള്ളിൽ പ്രതിഷേധിച്ചതിനെ തുടർന്ന് ഇൻഡിഗോയുടെ ഫെയ്സ്ബുക്ക് പേജിൽ പ്രതിഷേധം. ഒരു മുഖ്യമന്ത്രിക്ക് പോലും വിമാനത്തിനുള്ളിൽ സുരക്ഷയൊരുക്കാൻ കഴിയുന്നില്ലേ എന്ന രീതിയിലാണ് പ്രതിഷേധം. ഇൻഡിഗോയുടെ ഫെയ്സ്ബുക്ക് പേജിൽ കമന്റുകളിലൂടെ പ്രതിഷേധവുമായി നിരവധി പേരാണ് ഇതുവരെ രംഗത്തെത്തിയിരിക്കുന്നത്.
സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ യു.ഡി.എഫ് സംസ്ഥാനത്തുടനീളം പ്രതിഷേധത്തിലാണ്. ഇൻഡിഗോ വിമാനത്തിലായിരുന്നു ഏറ്റവും ഒടുവിലത്തെ സംഭവം. കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസീൻ മജീദും നവീൻ കുമാറും മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചു.
എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജനും മുഖ്യമന്ത്രിയെ അനുഗമിച്ചു. താൻ തള്ളിമാറ്റിയതുകൊണ്ടാണ് യൂത്ത് കോൺഗ്രസുകാരുടെ ആക്രമണത്തിൽ നിന്ന് മുഖ്യമന്ത്രി രക്ഷപ്പെട്ടതെന്ന് ഇ.പി ജയരാജൻ പിന്നീട് പറഞ്ഞു. അക്രമം ആസൂത്രിതമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതോടെയാണ് സംസ്ഥാനത്തുടനീളം സി.പി.എം പ്രതിഷേധം സംഘടിപ്പിച്ചത്. പ്രതിഷേധത്തിനിടെ കെ.പി.സി.സി ആസ്ഥാനത്തിന് നേരെ കല്ലേറുണ്ടായി.