‘ജനങ്ങളോടുള്ള വെല്ലുവിളി’; പ്രതികരിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: വിമാനത്തിൽ മുദ്രാവാക്യം വിളിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് ജനാധിപത്യത്തോടും ജനങ്ങളോടുമുള്ള വെല്ലുവിളിയാണെന്നും രാജ്യത്തുടനീളം അരാജകത്വം സൃഷ്ടിക്കുകയാണ് അവരുടെ ലക്ഷ്യമെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാനത്തിൽ ഇന്ന് സംഭവിച്ചത് തീർത്തും അപലപനീയമാണ്. വിമാനത്തിനുള്ളിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ അക്രമാസക്തമായ പെരുമാറ്റത്തെ ന്യായീകരിച്ചുകൊണ്ട് കോൺഗ്രസിൻറെ ഉന്നത നേതൃത്വം തന്നെ രംഗത്തുവന്നിരുന്നു. സംഭവത്തിന് പിന്നിലെ ആസൂത്രണം തെളിയിക്കുന്ന പ്രതികരണമാണിത്. കുറച്ചുകാലമായി യു.ഡി.എഫ് നേതൃത്വം നടത്തിവരുന്ന അനാവശ്യവും കലാപാധിഷ്ഠിതവുമായ സമരങ്ങളുടെ തുടർച്ചയാണിത്. ജനാധിപത്യത്തോടും ജനങ്ങളോടുമുള്ള വെല്ലുവിളിയായി മാത്രമേ ഇതിനെ കാണാനാകൂ. രാജ്യത്തുടനീളം പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണ് അവരുടെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.