‘മുഖ്യമന്ത്രിയുടെ സംരക്ഷണം പാര്‍ട്ടി ഏറ്റെടുക്കേണ്ടിവരും’; സിപിഎം
തിരുവനന്തപുരം: സുരക്ഷാ സന്നാഹമില്ലാത്ത വിമാനത്തിൽ ഉൾപ്പെടെ ആക്രമണം സംഘടിപ്പിക്കാനുള്ള ശ്രമങ്ങളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ഉള്‍പ്പെടെയുള്ള സംരക്ഷണം പാര്‍ട്ടി ഏറ്റെടുക്കേണ്ടിവരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിക്ഷേധം കനക്കുന്ന സാഹചര്യത്തിലാണ് ഈ പ്രസ്താവന. മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളിലും പ്രതിഷേധം ഉയർന്നിരുന്നു. മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്ന ഇ.പി.ജയരാജൻ വിമാനത്തിനുള്ളിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ നേരിട്ടു. പ്രതിഷേധക്കാരെ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തു.
വിമാനത്തിൽ വച്ച് മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചതിൽ സമാധാനപരവും ശക്തവുമായ പ്രതിഷേധം വേണമെന്ന് സിപിഎം സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്യവേയാണ് മുഖ്യമന്ത്രിയെ അക്രമിക്കാന്‍ തയ്യാറായി യൂത്ത് കോണ്ഗ്രസ് നേതാക്കൾ രംഗത്തെത്തിയത്.
ഈ ഘട്ടത്തിൽ വിമാനത്തിലുണ്ടായിരുന്ന എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജൻ ഇടപെട്ട് തടഞ്ഞതുകൊണ്ടാണ് മുഖ്യമന്ത്രി അക്രമികളിൽ നിന്ന് രക്ഷപ്പെട്ടത്. ഒരു വശത്ത് മുഖ്യമന്ത്രിയുടെയും കൂട്ടരുടെയും സുരക്ഷയെ വിമർശിക്കുകയും അക്രമികൾക്ക് രക്ഷപ്പെടാൻ അവസരമൊരുക്കുകയും ചെയ്യുന്ന ദുഷിച്ച തന്ത്രങ്ങൾക്ക് യു.ഡി.എഫും ബി.ജെ.പിയും നേതൃത്വം നൽകുകയാണ്. വിമാനത്തിലെ സംഭവങ്ങൾ ഇതിന് അടിവരയിടുന്നു. ഒരു വിമാനത്തിൽ കയറുന്നതും യാത്രക്കാരെ ആക്രമിക്കുന്നതും തീവ്രവാദ സംഘടനകൾ അത് എടുക്കുന്ന രീതിയാണ്. ആ വഴിയാണ് യൂത്ത് കോണ്ഗ്രസ് നേതാക്കൾ ഇവിടെ തിരഞ്ഞെടുത്തത്.