മണിച്ചനൊപ്പം പുറത്തിറങ്ങുന്നവരിൽ ബലാത്സംഗക്കേസ് പ്രതികളും, രാഷ്ട്രീയ തടവുക്കാരും
തിരുവനന്തപുരം: സർക്കാർ ശുപാർശ പ്രകാരം വിട്ടയക്കുന്ന 33 തടവുകാരിൽ രണ്ട് പേർ ബലാത്സംഗക്കേസിലെ പ്രതികൾ. മകളെ ബലാത്സംഗം ചെയ്ത വ്യക്തിയും ശാരീരിക വെല്ലുവിളി നേരിടുന്ന സ്ത്രീയെ നിരവധി തവണ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ വ്യക്തിയും മോചിപ്പിക്കപ്പെട്ടവരിൽ ഉൾപ്പെടുന്നു. കുപ്പന മദ്യദുരന്തക്കേസിലെ ഒന്നാം പ്രതി തമ്പിയെയും മോചിപ്പിക്കും. മോചിപ്പിക്കപ്പെടുന്നവരിൽ 14 രാഷ്ട്രീയ തടവുകാരുമുണ്ട്. ആർഎസ്എസ്-ബിജെപി പ്രവർത്തകർ എട്ട് പേരും സി.പി.എം പ്രവർത്തകർ ആറ് പേരുമാണുള്ളത്.
2000 ഒക്ടോബർ 20ന് കല്ലുവാതുക്കലിൽ 31 പേരുടെ മരണത്തിനിടയാക്കിയ മദ്യദുരന്തത്തെ തുടർന്ന് 20 വർഷത്തിലേറെയായി മണിച്ചൻ ജയിലിലാണ്. ആറുപേരുടെ കാഴ്ചശക്തി നഷ്ടപ്പെടുകയും അഞ്ഞൂറോളം പേർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയും ചെയ്തു. കേസിലെ പ്രതികളായ മണിച്ചന്റെ രണ്ട് സഹോദരങ്ങളെ സുപ്രീം കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ വർഷം വിട്ടയച്ചിരുന്നു.
മദ്യ വിതരണക്കാരനായ ഹയറുന്നിസ 2009ലാണ് ശിക്ഷാകാലാവധിക്കിടെ മരിച്ചത്. നെട്ടുകാൽത്തേരി തുറന്ന ജയിലിലാണ് മണിച്ചനെ പാർപ്പിച്ചിരിക്കുന്നത്. മറ്റ് തടവുകാരെ സെൻട്രൽ ജയിലുകളിലാണ് പാർപ്പിച്ചിരിക്കുന്നത്. 2003 ഏപ്രിൽ 9, 10 തീയതികളിലാണ് കൊല്ലം ജില്ലയിലെ കുപ്പനയിൽ മദ്യ ദുരന്തം ഉണ്ടായത്. ദുരന്തത്തിൽ ഏഴ് പേർ മരിച്ചു. 65 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.