സ്വദേശി ദർശൻ സ്കീം :ടൂറിസം വികസനത്തിനായി സമര്‍പ്പിച്ച പദ്ധതിക്ക് ഉടന്‍ അനുമതി
തൊടുപുഴ: ഇടുക്കി, മലങ്കര ഡാമുകളുമായി ബന്ധപ്പെട്ടുള്ള ടൂറിസം വികസനത്തിനായി സമര്‍പ്പിച്ച പദ്ധതിക്ക് ഉടന്‍ അനുമതി നല്‍കുമെന്ന് കേന്ദ്ര ടൂറിസം മന്ത്രി കിഷന്‍ റെഡി അറിയിച്ചതായി ഇടുക്കി എം.പി.
ഡീന്‍ കുര്യാക്കോസ് പറഞ്ഞു.
സ്വദേശി ദര്‍ശന്‍ സ്‌കീമില്‍ ഉള്‍പ്പെടുത്തി ഇടുക്കി ജില്ലയില്‍ ടൂറിസം ഡെസ്‌റ്റിനേഷനുകളുടെ ശൃംഖല സൃഷ്‌ടിക്കുന്നതിനുള്ള പദ്ധതി മുന്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലഘട്ടത്തില്‍ എം.എല്‍.എ പി.ജെ. ജോസഫിന്റെ നേതൃത്വത്തില്‍ കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ സമര്‍പ്പിച്ചിരുന്നു. പ്രധാനമായും അഞ്ചുപദ്ധതികളാണ് ഈ പ്രോജക്‌ട് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഇതേക്കുറിച്ച് കേന്ദ്ര മന്ത്രിയുമായി എം.പി നടത്തിയ ചര്‍ച്ചയിലാണ് പദ്ധതിക്ക് ഉടന്‍ അനുമതി നല്‍കുമെന്ന അറിയിപ്പ് ലഭിച്ചതെന്ന് എം.പി സൂചിപ്പിച്ചു.
തൊടുപുഴ, ഇടുക്കി, ദേവികുളം എന്നീ നിയോജക മണ്ഡലങ്ങളെയും ബന്ധിപ്പിക്കും വിധഘമാണ് നിര്‍ദിഷ്‌ട പദ്ധതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. മലങ്കര ഡാം കണ്‍വെന്‍ഷന്‍ സെന്റര്‍, തൊടുപുഴ ടൗണ്‍ സ്‌ക്വയര്‍, മൂന്നാര്‍ ഹൈഡല്‍ പാര്‍ക്ക്, ഇടുക്കി ലേസര്‍ പവിലിയന്‍, നാടുകാണി സ്‌കൈ വാക്ക് എന്നീ സ്‌ഥലങ്ങളില്‍ തീര്‍ഥാടന ടൂറിസം, ഹെല്‍ത്ത് ആന്റ് വെല്‍നസ് ടൂറിസം, ഇവന്റ് ടൂറിസം എന്നീ മേഖലകള്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി സമര്‍പ്പിച്ചിരിക്കുന്നത്. പദ്ധതിക്ക് അംഗീകാരം ലഭിക്കുന്നതോടെ ടൂറിസം ഭൂപടത്തില്‍ ജില്ലയ്‌ക്ക് കുതിച്ചു ചാട്ടം തന്നെ ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍.
പദ്ധതികള്‍ ഇവ
മലങ്കര ടൂറിസം പദ്ധതിയും, കണ്‍വെന്‍ഷന്‍ സെന്ററും. (102 കോടി),
തൊടുപുഴ പഴയ ബസ് സ്‌റ്റാന്‍ഡ് മൈതാനം വിശ്രമ, വിനോദ കേന്ദ്രമായി വികസിപ്പിക്കുകയും, മുനിസിപ്പല്‍ പാര്‍ക്കുമായി ബന്ധിപ്പിച്ച് തൂക്കുപാല നിര്‍മ്മാണവും. (5 കോടി),
ഇടുക്കി ഡാമിനോട് അനുബന്ധിച്ച് ലേസര്‍ പവലിയന്‍ (29.3 കോടി).,
നാടുകാണി ആകാശ പാത (സ്‌കൈ വാക്ക് 30 കോടി).,
മുന്നാര്‍ ഹൈഡല്‍ പാര്‍ക്ക് (14.7 കോടി).,.
തൊടുപുഴയുടെ മുഖഛായ മാറും
കിലോമീറ്റര്‍ ദൂരത്തില്‍ പരന്നുകിടക്കുന്ന മലങ്കര ഡാം റിസര്‍വോയറിനെ ചുറ്റിയുള്ള ട്രക്കിങ് പാത, എട്ട് കിലോമീറ്റര്‍ നീളത്തില്‍ സൈക്ലിങ് ട്രാക്ക്, ജലാശയത്തില്‍ കയാക്കിങ് ബോട്ടുകള്‍, സോളാര്‍ ബോട്ട് എന്നിവയും പദ്ധതിയിലുണ്ട്. കണ്‍വെന്‍ഷന്‍ സെന്റര്‍, കുട്ടികള്‍ക്കുള്ള വിപുലമായ പാര്‍ക്ക്, വൈകുന്നേരങ്ങളില്‍ ലൈറ്റ് ഷോ തുടങ്ങിയവയും മലങ്കര ടൂറിസം പദ്ധതിയില്‍ വിഭാവനം ചെയ്‌തിട്ടുണ്ട്. ഇവ യാതാര്‍ഥ്യമായാല്‍ തൊടുപുഴയ്‌ക്കും പരിസരങ്ങള്‍ക്കും എന്നതിനുപുറമേ സമീപ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ക്കും ജില്ലക്ക് തന്നെയും വലിയ മാറ്റമാണ് ഉണ്ടാകുക.
സാമ്ബത്തിക
പ്രതിസന്ധിക്കും പരിഹാരം
കാര്‍ഷിക വിലത്തകര്‍ച്ചയിലും കോവിഡ് പ്രതിസന്ധിയിലും നട്ടംതിരിയുന്ന സര്‍ക്കാരിന് ഇനി വരുമാനം പ്രതീക്ഷിക്കാവുന്ന മേഖലയാണ് ടൂറിസം മേഖല. ഇടുക്കിയുടെ ഭൂപ്രകൃതി ഉള്‍പ്പെടുത്തി നടപ്പാക്കുന്ന പദ്ധതി യാഥാര്‍ഥ്യമായാല്‍ ഇതുവഴി സര്‍ക്കാരിനും ടൂറിസവുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന പ്രദേശങ്ങള്‍ക്കും വലിയ നേട്ടമാണുണ്ടാകുക. ഇതുവഴി ഇപ്പോഴുണ്ടായിരിക്കുന്ന സാമ്ബത്തിക പ്രതിസന്ധിക്കും പരിഹാരമാകുമെന്നാണ് പ്രതീക്ഷ.