കാലത്തിനൊപ്പം ഇനി റേഷന്‍ കടകളും അടിമുടി മാറുകയാണ് : 5 റേഷൻ കടകൾ ഇനി ഹൈടെക് ആകും
തൊടുപുഴ: പഴയ കടമുറിയില്‍ കൂട്ടിയിട്ട അരിച്ചാക്കുകള്‍, മണ്ണെണ്ണ വീപ്പ, എങ്ങും അരിയുടെയും മണ്ണെണ്ണയുടെയും ഗന്ധം.
നാട്ടിന്‍പുറത്തെ റേഷന്‍ കടകളെക്കുറിച്ച് ഓര്‍ക്കുമ്ബോള്‍ പൊതുവേ ആളുകളുടെ മനസിലേക്കെത്തുന്ന രൂപമാണിത്. എന്നാല്‍ കാലത്തിനൊപ്പം ഇനി റേഷന്‍ കടകളും അടിമുടി മാറുകയാണ്. അരിയും ഗോതമ്ബും മണ്ണെണ്ണയും മാത്രമല്ല ബാങ്കിങ് ഇടപാടും അക്ഷയ സേവനസൗകര്യവും ലഭ്യമാകുന്ന ഹൈടെക്ക് കേന്ദ്രങ്ങളാവുകയാണ് റേഷന്‍ കടകള്‍. ജില്ലയില്‍ അഞ്ചിടങ്ങളിലാണ് റേഷന്‍ കടകള്‍ ഹൈടെക്കാകാന്‍ തയാറെടുക്കുന്നത്. ഇതില്‍ ദേവികുളം താലൂക്കില്‍ എ.ആര്‍.ഡി നമ്ബര്‍- 72 എന്ന റേഷന്‍ കടയാകും ജില്ലയില്‍ ആദ്യമായി ഹൈടെക്കാകുക. മിനി ബാങ്കിങ്, അക്ഷയ കേന്ദ്രം, മിനി ഗ്യാസ് ഏജന്‍സി, മില്‍മ ബൂത്ത് എന്നീ സേവനങ്ങള്‍ കൂടി ലഭിക്കുന്ന തരത്തിലാകും റേഷന്‍ കടകളുടെ രൂപമാറ്റം. ബാങ്കുമായി ബന്ധിപ്പിച്ച സ്മാര്‍ട്ട് കാര്‍ഡ് വഴി സ്വന്തം അക്കൗണ്ടില്‍ നിന്ന് കാര്‍ഡ് ഉടമകള്‍ക്ക് എ.ടി.എം മാതൃകയില്‍ പണം പിന്‍വലിക്കാനാകും. പരമാവധി 5000 രൂപയാണ് എടുക്കാനാകുക. ഇടപാട് പൂര്‍ത്തിയായാല്‍ റേഷന്‍ കടയില്‍ നിന്ന് പണം കൈപറ്റാം. ജില്ലയെ സംബന്ധിച്ച് ഉള്‍പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് സബ്‌സിഡി നിരക്കിലുള്ള സാധനങ്ങള്‍ വാങ്ങാന്‍ കൂടുതല്‍ ദൂരം സഞ്ചരിക്കേണ്ട സാഹചര്യമുണ്ട്. അധിക സ്ഥലങ്ങളിലും ഒരു പഞ്ചായത്തില്‍ ഒരു മാവേലി സ്റ്റോര്‍ മാത്രമേ കാണൂ. ഹൈടെക്ക് റേഷന്‍ കടകളിലൂടെ സബ്‌സിഡിയടക്കമുള്ളവ കൂടി നല്‍കാനും ആലോചനയുണ്ട്. അഞ്ച് കിലോ വരെയുള്ള പാചകവാതകം ആവശ്യക്കാര്‍ക്ക് സ്റ്റോറിലെത്തി പണമടച്ച് വാങ്ങാനുള്ള സംവിധാനവും ഒരുക്കും. അരി, ഗോതമ്ബ്, മണ്ണെണ്ണ എന്നിവയ്‌ക്കൊപ്പം വെളിച്ചെണ്ണ, പഞ്ചസാര, കടല, ചെറുപയര്‍, മുളക് തുടങ്ങി ഒരുവീട്ടിലേക്ക് ആവശ്യമായ ഭൂരിഭാഗം നിത്യോപയോഗ സാധനങ്ങളും റേഷന്‍ കടകളിലൂടെ വാങ്ങാനാകും. ഇത് വിദൂര ഗ്രാമീണ മേഖലയിലാകും സ്ഥാപിക്കുക. ബാങ്കുകള്‍, അക്ഷയകേന്ദ്രം, മാവേലി സ്റ്റോര്‍ എന്നിവ ഇല്ലാത്ത ഗ്രാമപ്രദേശങ്ങളില്‍ പദ്ധതി ജനങ്ങള്‍ക്ക് പ്രയോജനം ചെയ്യുന്നതാകും പദ്ധതി. ഘട്ടംഘട്ടമായി സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ച ആവശ്യമായ സൗകര്യമുണ്ടെന്ന് പരിശോധനയില്‍ സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ക്ക് ബോധ്യപ്പെട്ടാല്‍ ആ ലൈസന്‍സികള്‍ക്ക് കെ സ്റ്റോര്‍ അനുവദിക്കും. എല്ലാ ജില്ലകളിലും കെ സ്റ്റോറുകള്‍ തുറക്കുന്നതിന്റെ ഭാഗമായാണ് ഇടുക്കിയിലും പരീക്ഷണാര്‍ത്ഥം സ്ഥാപിക്കുന്നത്.
അക്ഷയ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ നല്‍കുമ്ബോള്‍ ഇവയില്‍ പരിജ്ഞാനമുള്ള ജീവനക്കാരനെയും കടകളില്‍ ആവശ്യമാണ്. എന്നാല്‍ ജീവനക്കാരെ നിയമിക്കുന്നത് സംബന്ധിച്ച് തീരുമാനങ്ങളൊന്നും വന്നിട്ടില്ലെന്ന് റേഷന്‍ വ്യാപാരികളുടെ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.