മാധ്യമപ്രവർത്തകരുടെ മാസ്ക് അഴിപ്പിച്ച സംഭവം; പ്രതിഷേധിച്ച് പത്രപ്രവർത്തക യൂണിയൻ
മുഖ്യമന്ത്രിയുടെ പരിപാടിയിൽ മാധ്യമപ്രവർത്തകരുടെ മാസ്ക് അഴിപ്പിച്ച നടപടിയിൽ പ്രതിഷേധിച്ച് കേരള പത്രപ്രവർത്തക യൂണിയൻ. ഏത് തരം മാസ്ക് ധരിക്കണമെന്നത് വ്യക്തിപരമായ കാര്യമാണെന്ന് യൂണിയൻ പ്രതികരിച്ചു. മാസ്ക് നീക്കം ചെയ്തത് മാധ്യമസ്വാതന്ത്ര്യത്തിന്റെ നിഷേധമാണെന്നും നടപടിയെടുക്കണമെന്നും കേരള പത്രപ്രവർത്തക യൂണിയൻ ആവശ്യപ്പെട്ടു.
“പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കായി, വാർത്തകൾ റിപ്പോർട്ട് ചെയ്യുക എന്ന ദൗത്യം നിർവഹിക്കാനായി എത്തുന്ന മാധ്യമ പ്രവർത്തകരുടെ പ്രവർത്തനം തടസ്സപ്പെടുത്തുന്നത് ജനാധിപത്യ വിരുദ്ധമാണ്. പൊലീസിന്റെ ഇത്തരം നടപടികൾക്കെതിരെ യൂണിയൻ ശക്തമായി പ്രതിഷേധിക്കുന്നതായി കേരള പത്രപ്രവർത്തക യൂണിയൻ കോട്ടയം ജില്ലാ ഘടകം അറിയിച്ചു.
അതേസമയം മുഖ്യമന്ത്രി പിണറായി വിജയനെതിരെ പലയിടത്തും കരിങ്കൊടി പ്രതിഷേധം നടന്നു. കോട്ടയ്ക്കൽ, കക്കാട്, പുത്തനത്താണി എന്നിവിടങ്ങളിൽ കരിങ്കൊടി പ്രതിഷേധം നടന്നു. യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് പ്രവർത്തകരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പന്തീരാങ്കാവിൽ യുവമോർച്ച പ്രവർത്തകർ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചു.