ബാലവേല ; വിവരം നല്‍കുന്നവർക്ക് 2500 രൂപ പാരിതോഷികം
സംസ്ഥാനത്ത് നിന്നും ബാലവേല പൂര്‍ണമായും ഒഴിവാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി വീണാ ജോര്‍ജ്. ബാലവേല നിയമപരമായി നിരോധിക്കുകയും അത് ക്രിമിനല്‍ കുറ്റകരമാക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് ബാലവേല കുറവാണെങ്കിലും ഇതര സംസ്ഥാനങ്ങളില്‍ നിന്നും ജോലി ചെയ്യുന്നതിനായി കുട്ടികളെ കൊണ്ടുവരുന്ന സാഹചര്യമുണ്ട്. ഇതിനെതിരെ കര്‍ശന നടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് മന്ത്രി അറിയിച്ചു. പൊതുജനങ്ങളുടെ പങ്കാളിത്തത്തോടെ മാത്രമേ ബാലവേല പൂര്‍ണമായും ഒഴിവാക്കാന്‍ സാധിക്കൂ. ബാലവേല സംബന്ധിച്ച് വിവരം നല്‍കുന്ന വ്യക്തിയ്ക്ക് 2500 രൂപ പാരിതോഷികം നല്‍കുന്നതിന് വനിതാ ശിശു വികസന വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ബാലവേല കണ്ടെത്തുന്നതിനുള്ള പരിശോധനകള്‍ ഊര്‍ജിതമാക്കുമെന്നും ബാലവേല കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി.ശിവന്‍കുട്ടിയും അറിയിച്ചു. ബാലവേല തടയുന്നതിന് നിയമപ്രകാരമുള്ള പരിശോധനകള്‍ നടത്തുവാന്‍ തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. തൊഴിലില്‍ ഏര്‍പ്പെട്ടിട്ടുള്ള കുട്ടികളെ കണ്ടെത്തിയാല്‍ പുനരധിവസിപ്പിക്കാന്‍ നടപടി സ്വീകരിക്കണം. ജൂണ്‍ 12 ബാലവേല വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായാണ് മന്ത്രി നിര്‍ദേശം നല്‍കിയത്. കുട്ടികളെ തൊഴിലില്‍ ഏര്‍പ്പെടുത്തുന്നതിന് എതിരായി വിവിധ മാധ്യമങ്ങളിലൂടെ ബാലവേല വിരുദ്ധ ബോധവത്കരണ സന്ദേശങ്ങള്‍ നല്‍കുന്നുണ്ട്. കേരളത്തില്‍ ബാലവേല ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍തന്നെ വേണ്ട നിയമ നടപടികള്‍ സ്വീകരിക്കുകയും ചൈല്‍ഡ് ലൈനും വനിതാ ശിശു വികസന വകുപ്പുമായി ബന്ധപ്പെട്ട് പുനരധിവാസം ഉറപ്പാക്കുകയും ചെയ്യുന്നുണ്ട്. കുട്ടികളിലെ സമഗ്ര വികാസത്തെ മുരടിപ്പിക്കുന്നതും ചൂഷണം ചെയ്യുന്നതുമായ ബാലവേല ശിക്ഷാര്‍ഹമാണ്. ഇതിനു പകരം അവരെ ക്ലാസ് മുറികളിലെത്തിക്കുകയും ഭാവി ജീവിതത്തിന് ഉതകുന്ന നൈപുണ്യം അവർക്ക് ലഭ്യമാക്കുകയുമാണ് വേണ്ടതെന്ന് മന്ത്രി അറിയിച്ചു. കുട്ടികള്‍ ജോലിയില്‍ ഏര്‍പ്പെടുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ തൊഴില്‍വകുപ്പ് ഉദ്യോഗസ്ഥരെയോ, ചൈല്‍ഡ് ലൈന്‍, പോലീസ് സ്റ്റേഷന്‍ എന്നിവിടങ്ങളിലോ, 0471-2783946 അല്ലെങ്കില്‍ 1098 എന്ന നമ്പറുകളിലോ അറിയിക്കണമെന്നും മന്ത്രി വി.ശിവന്‍കുട്ടി ആവശ്യപ്പെട്ടു.