തവനൂരിൽ കറുത്ത മാസ്‌ക്കിനു പകരം മഞ്ഞ മാസ്‌ക് നൽകി പൊലീസ്
മലപ്പുറം: തവനൂർ സെൻട്രൽ ജയിലിന്റെ ഉദ്ഘാടനച്ചടങ്ങിൽ കറുത്ത മാസ്ക് ധരിച്ചവരെ പൊലീസ് തടഞ്ഞു. കറുത്ത മാസ്കുകൾ ധരിച്ചവർക്ക് പൊലീസ് മഞ്ഞ മാസ്കുകൾ നൽകി. സെൻട്രൽ ജയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഉദ്ഘാടനം ചെയ്തു. ഇതിനു മുന്നോടിയായാണ് പോലീസ് നടപടി. ഇന്നലെ കോട്ടയത്തും കൊച്ചിയിലും നടന്ന മുഖ്യമന്ത്രിയുടെ പരിപാടിയിൽ കറുത്ത മാസ്കുകൾ വിലക്കിയിരുന്നു. എന്നാൽ, കറുത്ത മാസ്കുകൾക്ക് വിലക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
അതേസമയം, മുഖ്യമന്ത്രിയെ തടയുമെന്ന് ഭയന്ന് കുന്നംകുളത്ത് അഞ്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് കരുതൽ തടങ്കലിലാക്കി. യൂത്ത് കോൺഗ്രസ് ജില്ലാ നിർവാഹക സമിതി അംഗങ്ങളായ എ.എം.നിധീഷ്, കുന്നംകുളം മണ്ഡലം പ്രസിഡന്റ് ജെറിൻ പി.രാജു, കടങ്ങോട് മണ്ഡലം പ്രസിഡന്റ് അസലു, വൈസ് പ്രസിഡന്റ് കെ.എം.രജിൽ, മുൻ മണ്ഡലം സെക്രട്ടറി വിഘ്നേശ്വര പ്രസാദ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. മുഖ്യമന്ത്രി കടന്നുപോകുന്ന വഴിയിൽ കനത്ത പോലീസ് സന്നാഹമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.