സിപിഎം-ബിജെപി ധാരണയുണ്ടെന്ന പ്രതിപക്ഷ ആരോപണം നിഷേധിച്ച് വി മുരളീധരന്‍
കൊച്ചി: സ്വർണക്കടത്ത് കേസില്‍ സി.പി.എം-ബി.ജെ.പി ധാരണയുണ്ടെന്ന പ്രതിപക്ഷത്തിന്റെ ആരോപണം ശക്തമായി നിഷേധിച്ച് കേന്ദ്രമന്ത്രി വി.മുരളീധരൻ. കേന്ദ്ര ഏജൻസികൾ അന്വേഷണം അവസാനിപ്പിച്ചിട്ടില്ലെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. കള്ളക്കടത്ത് കേസിലെ ആരോപണവിധേയനായ പിണറായി വിജയൻ രാഷ്ട്രീയ ധാർമ്മികതയുണ്ടെങ്കിൽ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് മുരളീധരൻ ആവശ്യപ്പെട്ടു. ഊരിപ്പിടിച്ച വാളുകള്‍ക്കിടയിലൂടെ നടന്നു പോയിയെന്ന് വീമ്പിളക്കുന്ന ആള്‍ക്ക് എന്തിനാണ് ഇത്രയധികം ഭയമെന്ന് അദ്ദേഹം ചോദിച്ചു.
സ്വപ്ന സുരേഷിന്റെ മൊഴി പുറത്തുവന്നതിന് പിന്നാലെ മുഖ്യമന്ത്രി കാണിച്ച പരിഭ്രാന്തി ദുരൂഹത വർദ്ധിപ്പിക്കുന്നു. മടിയിൽ ഭാരമില്ലെന്ന് ആവർത്തിച്ച് പറയുന്നുണ്ടെങ്കിലും മുഖ്യമന്ത്രിയുടെ പെരുമാറ്റം മടിയില്‍ കനമുണ്ട് എന്ന് തോന്നുന്ന രീതിയിലാണ്. ആരോപണം ഉന്നയിച്ചവരെ ഭീഷണിപ്പെടുത്തുകയാണ്. ഗൂഡാലോചന അന്വേഷിക്കാനെന്ന പേരിൽ എ.ഡി.ജി.പിയുടെ നേതൃത്വത്തിൽ നൂറുകണക്കിന് പൊലീസുകാരെ നിയമിക്കുന്നത് എന്തടിസ്ഥാനത്തിലാണെന്നും മുരളീധരൻ ചോദിച്ചു.
പ്രധാനമന്ത്രിക്ക് പോലും ഇല്ലാത്ത സുരക്ഷ, മുഖ്യമന്ത്രിക്ക് നൽകുന്നത് ജനരോഷം ഭയന്നാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. വാളുകൾക്കിടയിലൂടെ നടന്നുവെന്ന് വീമ്പിളക്കുന്ന ഒരാൾ എന്തിനാണ് ഇത്രയും ഭയത്തോടെ പൊലീസുകാരെ അണിനിരത്തി പ്രസംഗിക്കുന്നതെന്നും മുരളീധരൻ പരിഹസിച്ചു.