സ്വപ്ന സുരേഷിന്റെ ആരോപണം; ഷാജ് കിരണും ഇബ്രാഹിമും കേരളം വിട്ടു
കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്, വന്‍ കോലാഹലമുണ്ടാക്കിയാണ് ഇന്നലെ ശബ്ദരേഖ പുറത്തുവിട്ടത്. മുഖ്യമന്ത്രിയുടെ ഇടനിലക്കാരനെന്ന് സ്വപ്ന ആരോപിക്കുന്ന ഷാജ് കിരണുമായുള്ളതാണ് ഫോൺ സംഭാഷണം.
സംഭാഷണത്തിൽ മുഖ്യമന്ത്രിക്കും കോടിയേരി ബാലകൃഷ്ണനുമെതിരായ പരാമർശങ്ങളുണ്ട്. അതേസമയം സ്വപ്നയ്ക്ക് മറുപടിയായി വീഡിയോ പുറത്തുവിടുമെന്ന് ഷാജ് കിരൺ വ്യക്തമാക്കിയിട്ടുണ്ട്. ഷാജ് കിരണും ബിസിനസ് പങ്കാളി ഇബ്രാഹിമും കേരളം വിട്ടിരിക്കുകയാണ്.
സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും കുടുംബത്തിനുമടക്കമെതിരെ സ്വപ്ന രഹസ്യമൊഴി നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ദൂതൻ എന്ന നിലയിൽ ഷാജ് കിരണ് ഒത്തുതീർപ്പിന് ശ്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് സ്വപ്ന സുരേഷിന്റെ ആരോപണം. ഇതിന് പിന്നാലെയാണ് ഷാജ് കിരണുമായി സംസാരിക്കുന്ന ഓഡിയോ ക്ലിപ്പ് സ്വപ്ന സുരേഷ് പുറത്തുവിട്ടത്.