‘സ്വപ്ന ഉന്നയിച്ച ആരോപണങ്ങൾ ശരിയാണെന്ന് വിശ്വസിക്കുന്നു’
കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്കും മറ്റുള്ളവർക്കുമെതിരെ ഉന്നയിച്ച ആരോപണങ്ങൾ ശരിയാണെന്ന് വിശ്വസിക്കുന്നതായി എച്ച്ആർഡിഎസ് വൈസ് പ്രസിഡന്റ് കെ ജി വേണുഗോപാൽ പറഞ്ഞു. ജയിൽ മോചിതയായ ശേഷം സ്വപ്ന സുരേഷ് ജോലി ചെയ്യുന്ന എൻ.ജി.ഒയാണ് എച്ച്.ആർ.ഡി.എസ്.
മുഖ്യമന്ത്രിയുടെയോ സ്വപ്നയുടെയോ ബന്ധങ്ങളെ കുറിച്ച് ഞങ്ങൾ ചിന്തിക്കേണ്ട കാര്യമില്ല. സ്വപ്ന ഉന്നയിച്ച ആരോപണങ്ങൾക്ക് പിന്നിൽ എച്ച്ആർഡിഎസിന് താൽപര്യമോ ഇടപെടലോ ഇല്ലെന്നും വേണുഗോപാൽ പറഞ്ഞു.
“എന്നാൽ ഞങ്ങളുടെ സ്റ്റാഫ് എന്ന നിലയിൽ, ഞങ്ങൾ സ്വപ്നയ്ക്ക് ആവശ്യമായ സൗകര്യങ്ങൾ നൽകുന്നു. മൂന്ന് മാസം മുമ്പാണ് സ്വപ്ന രഹസ്യമൊഴി നൽകാൻ തീരുമാനിച്ചത്. തൃക്കാക്കര തിരഞ്ഞെടുപ്പ് സമയത്ത് മൊഴി നൽകിയാൽ അത് സർക്കാരിനെ ബാധിക്കുമെന്ന് ചില ഉദ്യോഗസ്ഥർ പറഞ്ഞു. അതുകൊണ്ടാണ് ഇപ്പോൾ മൊഴി നൽകിയതെന്നാണ് മനസിലാക്കുന്നത്. സ്വപ്ന ഞങ്ങളോട് ഒരു സഹായവും ചോദിച്ചിട്ടില്ല. സ്വപ്ന പറയുന്നതിൽ സത്യമുണ്ടെന്ന് ഞാൻ മനസ്സിലാക്കുന്നു. അവർ പറഞ്ഞതിനെല്ലാം തെളിവുണ്ടെന്ന് അവർ പറഞ്ഞു. അതെവിടെയാണെന്ന് അറിയില്ല. ഞങ്ങൾ എച്ച്ആർഡിഎസിന്റെ സ്റ്റാഫായിരിക്കുന്നിടത്തോളം കാലം, അവരെ സംരക്ഷിക്കാനുള്ള കടമ ഞങ്ങൾക്കുണ്ട്. ചെയ്യാന്‍ കഴിയാവുന്ന സഹായങ്ങള്‍ ചെയ്യും” കെ.ജി.വേണുഗോപാല്‍ പറഞ്ഞു.