യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറിയായി രമ്യ ഹരിദാസ്
ന്യൂഡല്‍ഹി: യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളുടെ പുതിയ പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായി രമ്യ ഹരിദാസ് എം.പിയെ തിരഞ്ഞെടുത്തു. 10 ജനറൽ സെക്രട്ടറിമാരും 49 സെക്രട്ടറിമാരും അടങ്ങുന്ന ഭാരവാഹികളുടെ പട്ടികയ്ക്ക് കോൺഗ്രസ് നേതൃത്വം അംഗീകാരം നൽകി. കേരളത്തിൽ നിന്നുള്ള വിദ്യാ ബാലകൃഷ്ണൻ, പി എൻ വൈശാഖ് എന്നിവരാണ് ദേശീയ സെക്രട്ടറിമാർ. ഉപസമിതി ചെയർമാനായി ചാണ്ടി ഉമ്മനെ തിരഞ്ഞെടുത്തു.
പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളെ സംഘടനയുമായി അടുപ്പിക്കാൻ ചാണ്ടി ഉമ്മന്റെ നേതൃത്വത്തിലുള്ള റീച്ച് ഔട്ട് സെല്ലിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. യൂത്ത് കോൺഗ്രസിന് ഒമ്പത് ജോയിന്റ് സെക്രട്ടറിമാരാണുള്ളത്. ആലത്തൂരിൽ നിന്നുള്ള ലോക്സഭാംഗമായ രമ്യ ഹരിദാസ് ആറ് വർഷം മുമ്പ് രാഹുൽ ഗാന്ധി നടത്തിയ ടാലന്റ് ഹണ്ടിലൂടെയാണ് ശ്രദ്ധാകേന്ദ്രമായത്.
കെ.എസ്.യുവിലൂടെ പ്രവര്‍ത്തനം ആരംഭിച്ച രമ്യ ഹരിദാസ് പിന്നീട് ഗാന്ധിയൻ സംഘടനയായ ഏകതാ പരിഷത്തിന്റെ മുഖ്യ പ്രവർത്തകയായി. ഡോ. പി.വി രാജഗോപാലിന്റെ നേതൃത്വത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഏകതാ പരിഷത്ത് നടത്തിയ ആദിവാസി, ദലിത് പ്രക്ഷോഭങ്ങളുടെ ഭാഗമായിരുന്നു രമ്യ ഹരിദാസ്. യൂത്ത് കോൺഗ്രസിന്റെ അഖിലേന്ത്യാ കോർഡിനേറ്ററായിരിക്കെയാണ് രമ്യ ഇപ്പോൾ യൂത്ത് കോൺഗ്രസിന്റെ അഖിലേന്ത്യാ സെക്രട്ടറിയാവുന്നത്.