പ്രളയത്തില്‍ നശിച്ച ആലപ്പുഴയിലെ വീടുകള്‍ക്ക് നഷ്ടപരിഹാരം ഉടനെന്ന് മുഖ്യമന്ത്രി
2018ലെ പ്രളയത്തിൽ തകർന്ന ആലപ്പുഴ ചേർത്തല താലൂക്കിലെ 925 വീടുകൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അടിയന്തരമായി ഫണ്ട് അനുവദിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. നടപടിക്രമങ്ങളിലെ കാലതാമസമാണ് തുക നൽകാൻ വൈകിയതിന് കാരണമെന്നും ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ചീഫ് സെക്രട്ടറിയും ജില്ലാ കളക്ടർമാരും ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. എൻഡോസൾഫാൻ ദുരിതബാധിതർക്ക് നിശ്ചയിച്ച ധനസഹായം സമയബന്ധിതമായി വിതരണം ചെയ്യണമെന്നും ഇത് സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു. പ്രതിദിന കൊവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പാലിക്കണം. കൊവിഡിന്റെ രണ്ടാം ഡോസ് വാക്സിനേഷൻ ഊർജ്ജിതമാക്കണം. 12 വയസിന് മുകളിലുള്ള കുട്ടികളുടെ വാക്സിനേഷൻ വേഗത്തിൽ പൂർത്തിയാക്കണം. 60 വയസിന് മുകളിലുള്ളവർക്ക് കൂടുതൽ ബൂസ്റ്റർ ഡോസുകൾ നൽകണമെന്നും ആൾക്കൂട്ടങ്ങളിലും സ്കൂളുകളിലും മാസ്കുകളുടെ ഉപയോഗം കർശനമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.