ടൂറിസ്റ്റ് ബസുകളുടെയും ട്രാവലറുകളുടെയും ഉൾവശം ഡാൻസിങ് ഫ്ളോറുകളാക്കി മാറ്റാൻ അനുവദിക്കരുതെന്ന് ഹൈക്കോടതി.
ടൂറിസ്റ്റ് ബസുകളുടെയും ട്രാവലറുകളുടെയും ഉൾവശം ഡാൻസിങ് ഫ്ളോറുകളാക്കി മാറ്റാൻ അനുവദിക്കരുതെന്ന് ഹൈക്കോടതി. ഉയർന്ന ശേഷിയുള്ള ശബ്ദസംവിധാനവും ഇത്തരം വാഹനങ്ങളിൽ വേണ്ട. ഇത്തരം സംവിധാനങ്ങളുള്ള വാഹനങ്ങൾ അപകടങ്ങൾക്ക് കാരണമാകുന്നുവെന്ന് വിലയിരുത്തിയാണ് ഹൈക്കോടതി ഉത്തരവ്.
സുരക്ഷാമാനദണ്ഡം പാലിക്കാത്ത വാഹനങ്ങളെക്കുറിച്ച് പരാതി നൽകാൻ ഓരോ ജില്ലയിലെയും ഉദ്യോഗസ്ഥരുടെ വാട്സാപ്പ് നമ്പറുകൾ പ്രസിദ്ധീകരിക്കണം. ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത് കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്. ട്രാൻസ്പോർട്ട് കമ്മിഷണർക്കാണ് ഇക്കാര്യത്തിൽ നിർദേശം നൽകിയത്. വാട്സാപ്പ് നമ്പറുകൾ മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കുന്നതിനു പുറമേ മോട്ടോർവാഹന വകുപ്പിന്റെ വെബ്സൈറ്റിലും നൽകണം.ടൂറിസ്റ്റ് ബസുകൾ, ട്രാവലറുകൾ തുടങ്ങിയവയുടെ യൂട്യൂബ് പ്രൊമോ വീഡിയോകൾ പരിശോധിച്ച് നടപടി സ്വീകരിക്കണം. ഇക്കാര്യത്തിൽ കഴിഞ്ഞ ജനുവരിയിലടക്കം ഉത്തരവിട്ടിട്ടും നടപ്പാക്കുന്നതിൽ മോട്ടോർവാഹനവകുപ്പും പോലീസും വീഴ്ചവരുത്തുകയാണെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി.സുരക്ഷാ മാനദണ്ഡങ്ങളും നിയമങ്ങളും പാലിക്കാതെ സർവീസ് നടത്തുന്ന ഡ്രൈവർമാരെ മൂന്നുമാസത്തേക്ക് അയോഗ്യരാക്കണം. കുറ്റം ആവർത്തിച്ചാൽ തടവുശിക്ഷയടക്കം നൽകണം. വിശദീകരണത്തിന് കേന്ദ്രസർക്കാർ സമയംതേടി. ഹർജി ജൂൺ 28-ന് വീണ്ടും പരിഗണിക്കും.