രാജ്യത്ത് ഖാരിഫ് വിളകളുടെ താങ്ങുവില കേന്ദ്രസർക്കാർ ഉയർത്തി; നെല്ലിന് 100 രൂപ കൂടി
ദില്ലി: ഖാരിഫ് വിളകളുടെ താങ്ങുവില കേന്ദ്രസർക്കാർ ഉയർത്തി. ഇന്നലെ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം ഈ തീരുമാനത്തിന് അംഗീകാരം നൽകി. രാജ്യത്ത് നിന്ന് കാർഷികോൽപ്പന്നങ്ങളുടെ കയറ്റുമതി വർധിപ്പിക്കാനും തീരുമാനമുണ്ട്. നെല്ലിന്റെ താങ്ങുവില ക്വിന്റലിന് 100 രൂപ കൂട്ടി. ഇതോടെ ക്വിന്റലിന് 2024 രൂപയാണ് താങ്ങുവില. കേരളത്തിൽ ഇക്കഴിഞ്ഞ ബജറ്റിൽ നെല്ലിന്റെ സംഭരണ വില 28 രൂപ 20 പൈസ ആയി ഉയർത്തിയിരുന്നു. ഇത് പ്രകാരം കേരളത്തിൽ ക്വിന്റലിന് വില 2820 രൂപയാണ്. കേരളം നിശ്ചയിച്ച നെല്ലിന്റെ ഉയർന്ന താങ്ങുവിലയിൽ 19.40 രൂപ കേന്ദ്രസർക്കാരിന്റെ വിഹിതമായിരുന്നു.
അതായത് 1940 രൂപയാണ് ക്വിന്റലിന് കേന്ദ്രം നൽകി വന്നിരുന്ന വിഹിതം. ഇത് ഇനി മുതൽ 2024 രൂപയായി മാറും. അങ്ങിനെ വരുമ്പോൾ കേരളം ഇതനുസരിച്ച് താങ്ങുവില ഉയർത്തിയാൽ മാത്രമേ കേരളത്തിലുള്ള നെൽക്കർഷകർക്ക് അത് നേട്ടമാകൂ.തൊഴിലാളികളുടെ വേതനം, കാളകളുടെ ജോലി / യന്ത്രത്തൊഴിലാളി, പാട്ടത്തിനെടുത്ത ഭൂമിയുടെ വാടക, വിത്ത്, രാസവളം, വളം, ജലസേചന ചാര്‍ജുകള്‍ നടപ്പാക്കുന്നതിലേയും കൃഷിയിടങ്ങളിലെ കെട്ടിടങ്ങളിലേയും മൂല്യതകര്‍ച്ച, മൂലധനത്തിന്റെ പലിശ, പമ്പുകളും മറ്റും പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള ഡീസല്‍, വൈദ്യുതി എന്നിവയുടെ ചെലവ്, മറ്റ് ചെലവുകള്‍, കുടുംബതൊഴിലാളിയുടെ കണക്കാക്കുന്ന മൂല്യം എന്നിങ്ങനെ ഉണ്ടാകുന്ന എല്ലാ ചെലവുകളും ഉള്‍പ്പെടെ പരിഗണിച്ചാണ് താങ്ങുവില വർധിപ്പിച്ചത്.കര്‍ഷകര്‍ക്ക് ന്യായമായ വരുമാനം ലക്ഷ്യമാക്കികൊണ്ട് അഖിലേന്ത്യാ ചെലവിന്റെ ശരാശരിയുടെ 50%മെങ്കിലും നിശ്ചയിക്കുകയെന്ന് 2018-19ലെ ബജറ്റില്‍ നടത്തിയ പ്രഖ്യാപനത്തിന്റെ ചുവട് പിടിച്ചാണ് 2022-23ലെ ഖാരിഫ് വിളകള്‍ക്കുള്ള താങ്ങുവിലയിലെ വര്‍ദ്ധനവ്. യഥാക്രമം 51%. 85%, 60%, 59%, 56%, 53% എന്നിങ്ങനെ അഖിലേന്ത്യാ ശരാശരി ഉല്‍പ്പാദന ചിലവിന്റെ 50 ശതമാനത്തില്‍ കൂടുതലാണ് ബജ്‌റ, തുവര, ഉഴുന്ന്് സൂര്യകാന്തി വിത്ത്, സോയാബീന്‍, നിലക്കടല എന്നിവയുടെ താങ്ങുവിലയിലെ വരുമാനം എന്നത് ശ്രദ്ധേയമാണ്.
കര്‍ഷകരെ ഈ വിളകളിലേക്ക് വലിയതോതില്‍ മാറ്റുന്നതിനും മികച്ച സാങ്കേതികവിദ്യയും കൃഷിസംവിധാനങ്ങളും സ്വീകരിക്കുന്നതിനും ആവശ്യവും വിതരണവും തമ്മിലുള്ള അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനായി എണ്ണക്കുരുക്കള്‍, പയര്‍വര്‍ഗ്ഗങ്ങള്‍, നാടന്‍ ധാന്യങ്ങള്‍ എന്നിവയ്ക്ക് അനുകൂലമായി എംഎസ്പി പുനഃക്രമീകരിക്കാന്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മൂര്‍ത്തമായ പരിശ്രമങ്ങള്‍ നടത്തി.
2021-22 ലെ മൂന്നാം മുന്‍കൂര്‍ കണക്ക് പ്രകാരം, രാജ്യത്തെ ഭക്ഷ്യധാന്യങ്ങളില്‍ 314.51 ദശലക്ഷം ടണ്‍ റെക്കാര്‍ഡ് ഉല്‍പ്പാദനം ഉണ്ടാകുമെന്ന് കണക്കാക്കപ്പെടുന്നു, ഇത് 2020-21 ലെ ഭക്ഷ്യധാന്യ ഉല്‍പ്പാദനത്തേക്കാള്‍ 3.77 ദശലക്ഷം ടണ്‍ കൂടുതലാണ്. 2021-22 ലെ ഉല്‍പ്പാദനം കഴിഞ്ഞ അഞ്ച് വര്‍ഷത്തെ (2016-17 മുതല്‍ 2020-21 വരെ) ശരാശരി ഭക്ഷ്യധാന്യ ഉല്‍പ്പാദനത്തേക്കാള്‍ 23.80 ദശലക്ഷം ടണ്‍ കൂടുതലാണ്.