“വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ മുതിര്‍ന്ന പൗരന്മാര്ക്ക് പകുതി ഫീസ് മാത്രം”
സംസ്ഥാനത്തെ ടൂറിസം വകുപ്പിന് കീഴിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ മുതിർന്ന പൗരൻമാർക്ക് 50 ശതമാനം ഫീസ് ഇളവ്. ടൂറിസം വകുപ്പ് മന്ത്രി മന്ത്രി പി.എ മുഹമ്മദ് റിയാസാണ് ഇക്കാര്യം അറിയിച്ചത്. മുതിർന്ന പൗരന്മാരുടെയും സംഘടനകളുടെയും അഭ്യർത്ഥന മാനിച്ചാണ് തീരുമാനം.
വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കുന്ന മുതിർന്ന പൗരൻമാർക്ക് ഇത് വലിയ ആശ്വാസമാകുമെന്നും മന്ത്രി പറഞ്ഞു. ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ മുതിർന്ന പൗരൻമാർക്ക് ഇളവുകൾ അനുവദിക്കണമെന്ന് മുതിർന്ന പൗരൻമാരും അവരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സംഘടനകളും നേരത്തെ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. കോഴിക്കോട് ഹ്യൂമൻ റൈറ്റ്സ് ഫോറം നിയമസഭയുടെ കീഴിലുള്ള മുതിർന്ന പൗരൻമാരുടെ ക്ഷേമ സമിതിക്ക് മുമ്പാകെ സമർപ്പിച്ച ഹർജിയിലും ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.
ടൂറിസം വകുപ്പ് ഇക്കാര്യം പരിശോധിച്ച് വിശദമായ റിപ്പോർട്ട് തയ്യാറാക്കി. നിയമസഭാ സമിതിക്ക് മുമ്പാകെയും റിപ്പോർട്ട് സമർപ്പിച്ചു. വിശദമായ പരിശോധനകൾക്ക് ശേഷം 50 ശതമാനം ഫീസ് ഇളവ് നൽകാനാണ് ടൂറിസം വകുപ്പിൻറെ തീരുമാനം.