പച്ചക്കറി വില കുതിച്ചുയരുന്നു : താളം തെറ്റി സാധാരണക്കാരുടെ കുടുംബ ബജറ്റ്
തൊടുപുഴ: സാധാരണക്കാര്‍ക്കു താങ്ങാനാവാത്ത നിലയില്‍ പ്രതിദിനം പച്ചക്കറിവില കുതിച്ചുയരുന്നു.
സ്‌കൂള്‍ തുറന്നതോടെ കുടുംബ ബജറ്റുകള്‍ താളം തെറ്റി. സാധാരണക്കാര്‍ക്കു താങ്ങാനാവാത്ത നിലയിലാണ് ഇപ്പോഴത്തെ പച്ചക്കറി വില ഉയരുന്നത്. എയ്‌ഡഡ് സ്‌കൂളുകളില്‍ യു.പി. സ്‌കൂള്‍ വരെ ഉച്ചക്കഞ്ഞി വിതരണം ഉണ്ടെങ്കിലും പല കുട്ടികളും വീട്ടില്‍ നിന്നാണ് ഭക്ഷണം കൊണ്ടു വരുന്നത്.
മാത്രമല്ല ഹൈസ്‌കൂള്‍, പ്ലസ്‌ടു വിഭാഗങ്ങളില്‍ സ്‌കൂളില്‍നിന്ന് ഉച്ചക്കഞ്ഞി ലഭിക്കില്ല. ഇവര്‍ വീട്ടില്‍നിന്ന് ഉച്ചയൂണ് കൊണ്ടു പോകണം. ഇതോടെ പച്ചക്കറി വിഭവങ്ങള്‍ കുട്ടികള്‍ക്ക് കൊടുത്തുവിടാന്‍ കഴിയാത്ത നിലയിലാണ് ഭൂരിപക്ഷം മാതാപിതാക്കളുടെയും സ്‌ഥിതി. ഏതാനും നാളുകളായി കുടുംബബജറ്റ് താളംതെറ്റുന്ന വിധത്തിലാണ് പച്ചക്കറി വില കുതിച്ചുയരുന്നത്.
ഒരു കിലോ തക്കാളിക്ക് 80 രൂപയാണ് കഴിഞ്ഞ ദിവസത്തെ മാര്‍ക്കറ്റിലെ വില. പച്ചമുളക്-60, പാവയ്‌ക്ക-60, പയര്‍-60, വെണ്ടയ്‌ക്ക-50, കാരറ്റ്-60, ബീറ്റ്‌റൂട്ട്-50, കാബേജ്-70, മുരിങ്ങക്കായ-120, പടവലം-50, കോവയ്‌ക്ക-60, വെള്ളരി-40, ചേന-40, മാങ്ങ-50, കിഴങ്ങ്-40, സവാള-30, ഉള്ളി-50, ഇഞ്ചി-80, ബീന്‍സ്-80 എന്നിങ്ങനെയാണ് വിവിധ പച്ചക്കറികളുടെ വില. ഇതില്‍ ഭൂരിഭാഗം പച്ചക്കറികള്‍ക്കും നേരത്തെ കിലോയ്‌ക്ക് 40 രൂപയില്‍ താഴെയായിരുന്നു വില. സ്‌കൂള്‍ തുറന്നതോടെ ആവശ്യക്കാര്‍ വര്‍ധിച്ചതു വീണ്ടും വിലക്കയറ്റത്തിനു കാരണമായി.
സംസ്‌ഥാനത്ത് ഒരുമാസത്തിലേറെയായി ശക്‌തമായ മഴ ആരംഭിച്ചതോടെ പച്ചക്കറിക്കൃഷി വ്യാപകമായി നശിക്കുന്നതിനു കാരണമായി. തമിഴ്‌നാട് അടക്കമുള്ള ഇതര സംസ്‌ഥാനങ്ങളില്‍നിന്നുമാണ് ഇവിടേക്ക് കൂടുതലായും പച്ചക്കറികള്‍ എത്തിച്ചുവരുന്നത്. ജില്ലയിലെ പ്രധാന പച്ചക്കറി ഉത്‌പാദന കേന്ദ്രമായ വട്ടവട, കാന്തല്ലൂര്‍ എന്നിവിടങ്ങളിലും കാലാവസ്‌ഥാമാറ്റം കൃഷിയെ കാര്യമായി ബാധിച്ചിരുന്നു. ഇതുമൂലം വിപണിയിലേക്ക് അവിടെനിന്നും പച്ചക്കറികള്‍ വലിയ തോതില്‍ എത്താതായി.
ഇതും വിലക്കയറ്റത്തിനു മറ്റൊരു കാരണമായി. നാട്ടിന്‍പ്രദേശങ്ങളില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ ആരംഭിച്ച പച്ചക്കറികൃഷിയും മഴക്കൂടുതലിനെ തുടര്‍ന്ന് അഴുകി നശിച്ചതും ഉത്‌പാദനം കുറയാന്‍ ഇടയാക്കി. കാലവര്‍ഷം അടുത്ത ദിവസം തന്നെ തുടങ്ങുമെന്ന് കാലാവസ്‌ഥാ വകുപ്പി അറിയിച്ചിട്ടുണ്ട്. അതിനാല്‍ മഴ നീണ്ടുനിന്നാല്‍ ഉത്‌പാദനം ഗണ്യമായി കുറയുകയും പച്ചക്കറി വില വരുംദിവസങ്ങളിലും ഉയരുകയും ചെയ്യുമെന്നും വ്യാപാരികള്‍ പറയുന്നു.