നിരോധിത പുകയില ഉത്പന്നങ്ങളുടെ വില്പന : പരിശോധന കര്‍ശനമാക്കി പോലീസും എക്‌സൈസും
തൊടുപുഴ: നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ക്കെതിരെ നിയമം കര്‍ശനമായി തുടരുമ്ബോഴും ഇവയുടെ വില്‍പ്പനയും ഉപയോഗവും വര്‍ധിക്കുന്നതായി കണക്കുകള്‍.
വിവിധ വകുപ്പുകളുടെ പരിശോധന ശക്‌തമാക്കിയപ്പോള്‍ കച്ചവടവും കൈമാറ്റവും രഹസ്യമാണെന്ന് മാത്രം.
അധ്യയന വര്‍ഷം ആരംഭിച്ചതോടെ മുതിര്‍ന്നവര്‍ക്ക് പുറമേ ലഹരി മാഫിയയുടെ ലക്ഷ്യം സ്‌കൂള്‍ വിദ്യാര്‍ഥികളിലേക്കും വ്യാപിച്ചിട്ടുണ്ട്. സാധാരണ സിഗരറ്റ് മുതല്‍ കഞ്ചാവ് ബീഡികള്‍ വരെയും എത്തിക്കാനും കൈമാറാനും നഗര-ഗ്രാമ വ്യത്യാസമില്ലാതെ സംഘങ്ങള്‍ സജീവമാണ്. സ്‌ഥിരം കച്ചവടക്കാര്‍ക്ക് പുറമേ ന്യൂജന്‍ തലമുറയും പെണ്‍കുട്ടികള്‍ വരെയും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുമെന്നതാണ് യാതാര്‍ഥ്യം.
കണക്കുകള്‍ ഞെട്ടിക്കുന്നത്
പുകയില നിയന്ത്രണ നിയമ ലംഘനം (കോട്‌പ) വര്‍ധിക്കുന്നതായാണ് ഔദ്യോഗിക കണക്കുകള്‍. വിദ്യാര്‍ഥികളടക്കമുള്ളവര്‍ ഇത്തരം നിയമലംഘനത്തില്‍ തുടര്‍ച്ചയായി ഉള്‍പ്പെടുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ജനുവരി മുതല്‍ മേയ് വരെയുള്ള കണക്കുകള്‍ പ്രകാരം ജില്ലയില്‍ 2103 കേസുകളാണ് രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്. 2012 ല്‍ ഒരു വര്‍ഷത്തിനിടെ ആകെയുണ്ടായത് 4641 കേസുകളാണ്. എന്നാല്‍, കഴിഞ്ഞ അഞ്ച് മാസത്തിനിടെ എക്‌സൈസ് പിടികൂടിയ കേസുകള്‍ മാത്രം 2103 ആയി ഉയര്‍ന്നു. പോലീസ് രജിസ്‌റ്റര്‍ ചെയ്‌ത കേസുകളുടെ കണക്കുകള്‍ ലഭ്യമായിട്ടില്ല. 10 വര്‍ഷം കൊണ്ട് ഉണ്ടായ വളര്‍ച്ച ഞെട്ടിക്കുന്നതാണെന്ന് മുതിര്‍ന്ന എക്‌സൈസ് ഉദ്യോഗസ്‌ഥര്‍ പറയുന്നു.
വിദ്യാര്‍ഥികളില്‍ പുകവലി ശീലം വര്‍ധിച്ചു
പുക വലിക്കുന്ന സ്‌കൂള്‍ വിദ്യാര്‍ഥികളുടെ എണ്ണത്തിലും വന്‍ വര്‍ധനവാണ് കഴിഞ്ഞ ഏതാനും വര്‍ഷം കൊണ്ടുണ്ടായത്. 20 വര്‍ഷം മുമ്ബ് 28 ശതമാനം ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ പുകവലിക്കുമായിരുന്നത് ഇപ്പോള്‍ 42 ശതമാനമായി ഉയര്‍ന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. സ്‌കൂള്‍ പരിസരങ്ങള്‍ കേന്ദ്രീകരിച്ച് വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടുള്ള പുകയില ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയും ഇക്കാലയളവില്‍ വര്‍ധിച്ചിട്ടുണ്ട്.
കുട്ടികള്‍ക്ക് പുകയില ഉല്‍പ്പന്നങ്ങള്‍ എത്തിക്കാന്‍ രഹസ്യ സംഘം തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇക്കൂട്ടത്തില്‍ മുതിര്‍ന്ന വിദ്യാര്‍ഥികളും ഉള്‍പ്പെടുന്നതായി അധികൃതര്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്.
കച്ചവട തന്ത്രം അതീവ രഹസ്യം
നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ രഹസ്യമായി വിറ്റഴിക്കുന്ന കടകള്‍ പലയിടങ്ങളിലും ഉണ്ടെന്നതാണ് യാതാര്‍ഥ്യം.
പരിചയക്കാര്‍ക്കും സ്‌ഥിരം ഉപഫോക്‌താക്കള്‍ക്കും മാത്രമേ ഇത്തരം കേന്ദ്രങ്ങളില്‍ നിന്നും സാധനങ്ങള്‍ നല്‍കൂ.
വിദ്യാര്‍ഥികളും യുവാക്കളും മുതിര്‍ന്നവരും ഉള്‍പ്പെടെയുള്ളവര്‍ ആവശ്യക്കാരുടെ കൂട്ടത്തിലുണ്ട്. ഇതര സംസ്‌ഥാന തൊഴിലാളികളും ഇത്തരം വില്‍പ്പന കേന്ദ്രങ്ങളില്‍ നിന്നുമാണ് സാധനങ്ങള്‍ വാങ്ങുന്നത്. രഹസ്യ സ്‌ഥലങ്ങളില്‍ സൂക്ഷിക്കുന്നതിനാല്‍ പോലീസും എക്‌സൈസും പരിശോധനക്കെത്തുമ്ബോള്‍ ഇവ കടയിലുണ്ടാകില്ല. പലപ്പോഴും അനേ്വഷണ സംഘത്തിന് ലഭിക്കുന്ന രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തിലുള്ള പരിശോധനകളിലൂടെ മാത്രമേ ഇവ പിടികൂടാനാവൂ.
പരിശോധന കര്‍ശനമാക്കി
അധ്യയന വര്‍ഷം ആരംഭിച്ചതോടെ ജില്ലയിലെ ടൗണുകളും സ്‌കൂള്‍ പരിസരങ്ങളും കേന്ദ്രീകരിച്ച് പോലീസും എക്‌സൈസും പരിശോധന കര്‍ശനമാക്കി. സ്‌കൂള്‍ പരിസരങ്ങളില്‍ പുകയില – ലഹരി ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന പൂര്‍ണമായും തടയുമെന്ന് അധികൃതര്‍ പറഞ്ഞു.
ഇതിന്റെ ഭാഗമായി സ്‌കൂളുകളുടെ അര കിലോമീറ്റര്‍ ചുറ്റളവിലുള്ള എല്ലാ കടകളിലും പരിശോധന നടത്തും. ഇതോടൊപ്പം ജില്ലയിലെ വിദ്യാലയങ്ങളെ പുകയില രഹിതമാക്കാന്‍ വിദ്യാഭ്യാസം, പഞ്ചായത്ത്, ആരോഗ്യം, പോലീസ്, എക്‌സൈസ് വകുപ്പുകളെ ഏകോപിപ്പിച്ചുള്ള ലഹരി വിരുദ്ധ പദ്ധതികളും നടപ്പിലാക്കും.
സ്‌കൂളുകളുടെ നൂറ് മീറ്റര്‍ ചുറ്റളവില്‍ ലഹരി വസ്‌ഥുക്കള്‍ ഇല്ലെന്ന് ഉറപ്പ് വരുത്തുകയും നിരോധിത മേഖലയില്‍ ഇത്തരം വസ്‌ഥുക്കള്‍ കണ്ടെത്തിയാല്‍ ശക്‌തമായ നിയമ നടപടികളെടുക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.