പട്ടയം അട്ടിമറിയ്ക്കാന്‍ ഗൂഢനീക്കം നടക്കുന്നതായിഹൈറേഞ്ച് സംരക്ഷണ സമിതി
ചെറുതോണി :വാഴത്തോപ്പ്, കഞ്ഞിക്കുഴി മേഖലകളിലെ പട്ടയം അട്ടിമറിയ്ക്കാന്‍ ഗൂഢനീക്കം നടക്കുന്നതായി
ഹൈറേഞ്ച് സംരക്ഷണ സമിതി .
ജില്ലയിലെ വാഴത്തോപ്പ്, കഞ്ഞിക്കുഴി വില്ലേജുകളില്‍ വിതരണം ചെയ്ത രണ്ടായിരത്തോളം പട്ടയങ്ങള്‍ റദ്ദു ചെയ്യുന്നതിനും നിലവില്‍ തയ്യാറാക്കി അസ്സൈന്മെന്റ് കമ്മറ്റി പാസ്സാക്കിയ എഴുന്നൂറോളം പട്ടയങ്ങള്‍ നല്‍കാതിരിക്കുന്നതിനും ഗൂഢ നീക്കങ്ങള്‍ നടക്കുകയാണെന്ന് സംശയിക്കുകയാണെന്നും പട്ടയത്തിന്റെ സാധുത പരിശോധിക്കുന്നതിന് റവന്യൂ വിജിലന്‍സിനെ ഏല്പിക്കുന്നതിന് പിന്നില്‍ ഇത്തരമൊരു താത്പര്യമാണ് കാണുന്നതെന്നും ഹൈറേഞ്ച് സംരക്ഷണ സമിതി ആരോപിച്ചു. ഇത്തരമൊരവസ്ഥ ഉണ്ടായാല്‍ സര്‍ക്കാരിന് കനത്ത പ്രതിഷേധം നേരിടേണ്ടി വരുമെന്നും സമിതി നേതാക്കള്‍ പ്രഖ്യാപിച്ചു.
അര്‍ഹരായവര്‍ക്കെല്ലാം പട്ടയം നല്‍കുക എന്ന ഇടത് സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായി ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ നല്കിയ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ഇവിടെ പട്ടയം നല്കാന് ആരംഭിച്ചത് ജനങ്ങളുടെ ദീര്‍ഘനാളത്തെ കാത്തിരിപ്പിനു പരിഹാരമാകുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ പട്ടയം കിട്ടിയവരും അതിനായി കാത്തിരിക്കുന്നവരും ഒരുപോലെ ആശങ്കയിലാണ്.സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ലിസ്റ്റ് പട്ടയ കമ്മറ്റി അംഗീകരിച്ചാണ് പട്ടയം നല്‍കിയിട്ടുള്ളത്. ആദിവാസികള്‍ക്കും ജനറല്‍ വിഭാഗത്തിനും ഒരുപോലെ പട്ടയം നല്‍കിയിട്ടുണ്ട്. ഒരാള്‍ക്ക് നാലേക്കര്‍ വരെ പട്ടയത്തിന് അവകാശമുണ്ട്. അതില്‍ കൂടുതല്‍ നല്കിയിട്ടുണ്ടെങ്കില് നടപടി എടുക്കാം പട്ടയ വിതരണത്തിനുള്ള വരുമാന പരിധി എടുത്തു കളഞ്ഞു സര്‍ക്കാര്‍ ഉത്തരവും നിലവില്‍ ഉണ്ട്.
പട്ടയം നല്കാതിരിക്കാനുള്ള അനാവശ്യ നടപടികള്‍ ഒഴിവാക്കിയില്ലെങ്കില്‍ വലിയ പ്രക്ഷോഭത്തിലേക്ക് നീങ്ങാന്‍ ഹൈറേഞ്ച് സംരക്ഷണസമിതി നിര്‍ബന്ധിതരാകുമെന്ന് സമിതി ജനറല്‍ കണ്‍വീനര്‍ ഫാ. സെബാസ്റ്റ്യന്‍ കൊച്ചുപുരക്കല്‍ രക്ഷാധികാരികളായ ആര് മണിക്കുട്ടന്, സി കെ മോഹനന്, മൗലവി മുഹമ്മദ് റഫീഖ് അല്‍ കൗസരി എന്നിവര്‍ പറഞ്ഞു.