ഏലചെടികളിൽ അഞ്ജാത രോഗം: ഏലം ഗവേഷണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി
കട്ടപ്പന : അയ്യപ്പന്‍കോവിലിലും പരിസര പ്രദേശങ്ങളിലുമുള്ള ഏലത്തോട്ടങ്ങളില്‍ അഞ്ജാത രോഗം കണ്ടെത്തിയതിനെ തുടര്‍ന്ന് പാമ്ബാടുംപാറ ഏലം ഗവേഷണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥര്‍ കൃഷിയിടങ്ങളില്‍ എത്തി പഠനം നടത്തി.ബുധനാഴ്ച്ച രാവിലെ ഗവേഷണ കേന്ദ്രത്തിലെ എന്റമോളജി വിഭാഗം മേധാവി എം നഫീസയുടെ നേതൃത്വത്തിലുള്ള സംഘമാണ് അയ്യപ്പന്‍കോവില്‍ സ്വദേശി ബാബു ചെമ്ബന്‍കുളത്തിന്റെ രോഗബാധ കണ്ടെത്തിയ ഏലതോട്ടത്തില്‍ എത്തിയത്.
ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് ഏലച്ചെടികളില്‍ മഞ്ഞ നിറത്തിലുള്ള പാടുകള്‍ ഉണ്ടായി ചെടികള്‍ നശിക്കുന്ന രോഗം തോട്ടമുടമയുടെ ശ്രദ്ധയില്‍പ്പെട്ടത്. പിന്നീട് ഇത് മറ്റിടങ്ങളിലേയ്ക്കും പകരാന്‍ തുടങ്ങിയതോടെയാണ് കര്‍ഷകര്‍ക്കിടയില്‍ ആശങ്ക വര്‍ധിച്ചത്.എന്നാല്‍ വേനല്‍ക്കാലത്ത് ചെടികളില്‍ വ്യാപിക്കുന്ന കുമിള്‍ രോഗത്തിന്റെ ലക്ഷണങ്ങളാണ് ഇതെന്നാണ് പരിശോധന നടത്തിയ ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം.
കൂടുതല്‍ പഠനത്തിനായി ഗവേഷകര്‍ സാമ്ബിള്‍ ശേഖരിച്ചിട്ടുണ്ട്.ഈ പരിശോധനാ ഫലം വന്നെങ്കില്‍ മാത്രമേ രോഗം എന്തെന്ന് സ്ഥിരീകരിക്കാന്‍ കഴിയൂ.ജില്ലയില്‍ വിവിധ ഇടങ്ങളിലെ ഏലത്തോട്ടങ്ങളില്‍ കുമിള്‍ രോഗ ലക്ഷണങ്ങള്‍ പല വിധത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇലകളില്‍ ബാധിക്കുന്ന രോഗം ചരത്തിനെയും ഫലത്തെയും പ്രതികൂലമായി ബാധിക്കും.ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും കൃത്യമായ പരിചരണത്തിലൂടെയും ഫലപ്രദമായ വള പ്രയോഗത്തിലൂടെയും രോഗത്തെയും ലോക വ്യാപനത്തെയും തടയാനാകുമെന്നും ഗവേഷണ സംഘം അറിയിച്ചു.