പ്രവേശനോത്സവം വിപുലമായി നടത്താനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ് : 42,9000 കുട്ടികള്‍ ജൂണ്‍ ഒന്നിന് സ്കൂളികളിലേക്കെത്തും
കോവിഡിന് ശേഷം പ്രവേശനോത്സവം വിപുലമായി നടത്താനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്. 42,9000 കുട്ടികള്‍ ജൂണ്‍ ഒന്നിന് സ്കൂളികളിലേക്കെത്തും.
സ്കൂളുകളുടെ അറ്റകുറ്റപ്പണികള്‍ അവസാനഘട്ടത്തിലാണ്. കുരുന്നുകളെ വരവേല്‍ക്കാന്‍ സംസ്ഥാനം സജ്ജമെന്ന് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു.
വീണ്ടുമൊരു അധ്യയന വര്‍ഷം കൂടി ആരംഭിക്കാന്‍ പോകുകയാണ്. എന്നാല്‍ കഴിഞ്ഞ രണ്ടാണ്ടിനെ അപേക്ഷിച്ച് ഇക്കുറി ഒരു വ്യത്യാസമുണ്ട്. ഓണ്‍ലൈനിലും ഷിഫ്റ്റുകളിലും പഠിച്ച കുട്ടികള്‍ ഒന്നിച്ച് വീണ്ടും സ്കൂള്‍ മുറ്റത്തെത്തുന്നു. അവരെ സ്വീകരിക്കാനായുള്ള ഒരുക്കത്തിലാണ് സര്‍ക്കാര്‍. സ്കൂളുകളുടെ നവീകരണപ്രവര്‍ത്തനങ്ങള്‍ തകൃതിയായി നടക്കുകയാണ്. കെട്ടിടങ്ങളുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് സ്കൂള്‍ തുറക്കുന്നതിന് മുന്‍പ് അതാത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ ഹാജരാക്കണം.
സ്കൂള്‍ തുറക്കുന്ന ആദ്യ രണ്ടാഴ്ച സ്കൂളുകളില്‍ തന്നെ വാക്സിനേഷന്‍ നടത്തും. വിദ്യാര്‍ഥികള്‍ കോവിഡ് മാനദണ്ഡം പാലിക്കണം. മാസ്ക് നിര്‍ബന്ധമാണ്. കുട്ടികളുടെ ആരോഗ്യകാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ ഒരു അധ്യാപകനെ പ്രത്യേകം ചുമതലപ്പെടുത്തും. സ്കൂള്‍ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധനയും നടന്ന് വരികയാണ്. പ്രവേശനോത്സവത്തിന് മുന്നോടിയായി റോഡ് നവീകരണം വേഗത്തിലാക്കുമെന്ന് പൊതുമരാമത്ത് മന്ത്രിയും അറിയിച്ചു.