മന്ത്രിസഭാ വാര്‍ഷികം: മാധ്യമ അവാര്‍ഡ് വിതരണം ചെയ്തുപ്രിന്റ്,വിഷ്വല്‍ മീഡിയ വിഭാഗത്തില്‍ ദേശാഭിമാനി,മീഡിയ വണ്‍ ഒന്നാം സ്ഥാനം നേടി
രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ഇടുക്കി വാഴത്തോപ്പ് ജി വി എച് എസ് എസ് ഗ്രൗണ്ടില്‍ മെയ് 9 മുതല്‍ 15 വരെ നടത്തിയ പ്രദര്‍ശന വിപണന മേളയുടേയും കലാപരിപാടികളുടേയും മികച്ച മാധ്യമ റിപ്പോര്‍ട്ടിങിന് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ഏര്‍പ്പെടുത്തിയ മാധ്യമ അവാര്‍ഡ് കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ യോഗത്തില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ വിതരണം ചെയ്തു.
പ്രിന്റ് മാധ്യമ വിഭാഗത്തില്‍ മികച്ച കവറേജിനുള്ള പുരസ്‌കാരം ദേശാഭിമാനി കരസ്ഥമാക്കി. ബ്യൂറോ ചീഫ് കെ. റ്റി. രാജീവിന്റെ റിപ്പോര്‍ട്ടിങ് മികച്ചതായി ജൂറി കണ്ടെത്തി. ചിത്രങ്ങളുടെ സന്നിവേശത്തിലൂടെ ദേശാഭിമാനി നല്‍കിയ റിപ്പോര്‍ട്ട് ഓരോന്നും നേര്‍ക്കാഴ്ചയുടെ അനുഭവം ജനിപ്പിച്ചതായി ജൂറി വിധിച്ചു. ബ്യൂറോ ചീഫ് കെ. റ്റി. രാജീവ് മന്ത്രിയില്‍ നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി. മംഗളം ദിനപ്പത്രത്തിനാണ് പ്രിന്റ് വിഭാഗത്തില്‍ രണ്ടാം സ്ഥാനം. മംഗളം പ്രതിനിധി ഔസേപ്പച്ചന്‍ ഇടക്കുളത്തില്‍ മന്ത്രിയില്‍ നിന്നും മൊമന്റോയും സര്‍ട്ടിഫിക്കറ്റും ഏറ്റുവാങ്ങി.
മീഡിയ വണ്‍ ചാനലിനാണ് വിഷ്വല്‍ മീഡിയ വിഭാഗത്തില്‍ ഒന്നാം സ്ഥാനം. ചാനല്‍ റിപ്പോര്‍ട്ടര്‍ സിജോ വര്‍ഗീസ് മന്ത്രിയില്‍ നിന്നും പുരസ്‌കാരവും സര്‍ട്ടിഫിക്കററും ഏറ്റുവാങ്ങി. സിജോ വര്‍ഗീസിന്റെ റിപ്പോര്‍ട്ട് മികവു പുലര്‍ത്തിയതായി ജൂറി നിരീക്ഷിച്ചു. ഇടുക്കി വിഷന്‍ ചാനലിനാണ് ഈ വിഭാഗത്തില്‍ രണ്ടാം സ്ഥാനം. റിപ്പോര്‍ട്ടര്‍ റോഷന്‍ പി. ജോണ്‍ അവാര്‍ഡ് ഏറ്റുവാങ്ങി.
കേരളകൗമുദിയിലെ ആര്‍. വിനയചന്ദ്രനാണ് വാര്‍ത്താ ചിത്ര വിഭാഗത്തില്‍ ഒന്നാം സ്ഥാനം. പിഞ്ചുകുഞ്ഞിനെ തോളിലേറ്റി കുടുംബശ്രീ കഫേയില്‍ ജോലി ചെയ്യുന്ന യുവതിയുടെ ‘കുടുംബം ശ്രീയാകാന്‍’ എന്ന അടിക്കുറിപ്പോടെ നല്‍കിയ ചിത്രമാണ് വിനയചന്ദ്രന് സമ്മാനം നേടിക്കൊടുത്തത്. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിലെ ഷിയാസ് ബഷീറിന്റെ ചിത്രത്തിനാണ് രണ്ടാം സ്ഥാനം. മുന്‍മുഖ്യമാരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്ന ഐ & പി ആര്‍ ഡി യുടെ എന്റെ കേരളം പവലിയന്‍ കണ്ടു മടങ്ങുന്ന വയോധികയുടെ മുഖത്ത് മിന്നി മറഞ്ഞ ഭാവപ്പകര്‍ച്ച അവിസ്മരണീയമാക്കിയ ‘ഓള്‍ഡ് ഈസ് ഗോള്‍ഡ്’ ചിത്രമാണ് ഷിയാസിനെ രണ്ടാം സ്ഥാനത്തെത്തിച്ചത്.