സ്കൂൾ പ്രവേശനത്തിന് ടി.സി വേണ്ടെന്ന് ഹൈക്കോടതി
സ്‌കൂള്‍ പ്രവേശനത്തിനായി ടി.സി ആവശ്യപ്പെടാന്‍ പാടില്ലെന്നും ആറ് മുതല്‍ 14 വയസ് വരെയുള്ള കുട്ടികള്‍ക്ക് പ്രായം കണക്കാക്കി അതത് ക്ലാസില്‍ പ്രവേശനം നല്‍കണമെന്നും ഹൈക്കോടതി. 19 സ്‌കൂള്‍ കുട്ടികളുടെ രക്ഷിതാക്കള്‍ നല്‍കിയ റിട്ട് ഹര്‍ജി അനുവദിച്ചാണ് ജസ്‌റ്റിസ് രാജാ വിജയരാഘവന്റെ ഉത്തരവ്. 6-14 വയസുകാര്‍ക്ക് 2009-ലെ വിദ്യാഭ്യാസ അവകാശ നിയമത്തിലെ 5 (2), (3) അനുശാസിക്കും പ്രകാരം സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം അധികൃതര്‍ ഉറപ്പുവരുത്തേണ്ടതാണെന്നു ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇടയ്‌ക്ക് അധ്യയനവര്‍ഷം നഷ്‌ടപ്പെട്ടാലും അധ്യാപകര്‍ പ്രത്യേക പരിശീലനം നല്‍കി പ്രായത്തിനനുസരിച്ചുള്ള ക്ലാസുകളില്‍ പ്രവേശനം നല്‍കണം. ഇതുപ്രകാരം, പ്രായമനുസരിച്ച് ക്ലാസ് പ്രവേശനം നല്‍കണമെന്നും ടി.സി ചോദിക്കാന്‍ പാടില്ലെന്നും ഹൈക്കോടതി വ്യക്‌തമാക്കി.
ഹര്‍ജിക്കാര്‍ക്ക് വേണ്ടി അഡ്വ: രവി കൃഷ്‌ണന്‍ ഹാജരായി. ടി.സി ആവശ്യപ്പെടുന്ന ഏതൊരു കുട്ടിക്കും വിദ്യാഭ്യാസ അവകാശ നിയമം സെക്‌ഷന്‍ 5 (2), (3) പ്രകാരം പ്രസ്‌തുത സ്‌കൂളിലെ പ്രധാന അധ്യാപകന്‍ ടി.സി. നല്‍കേണ്ടതുണ്ട്. കോവിഡ് കാലത്ത് സെല്‍ഫ് ഡിക്ലറേഷന്‍ ഉണ്ടെങ്കില്‍ വിദ്യാര്‍ഥിക്ക് ഇഷ്‌ടമുള്ള സ്‌കൂളില്‍ ടി.സിയില്ലാതെ ചേരാമെന്ന സര്‍ക്കാര്‍ നിര്‍ദേശം പല സ്‌കൂളുകളും പാലിച്ചിരുന്നില്ല. ചില സ്‌കൂളുകള്‍ വിദ്യാര്‍ഥികള്‍ക്ക് വക്കീല്‍ നോട്ടിസ് അയയ്‌ക്കുന്ന സാഹചര്യം പോലുമുണ്ടായി. ചേരാനുദ്ദേശിക്കുന്ന സ്‌കൂളിന്റെ ഭൗതിക സാഹചര്യങ്ങള്‍ കൂടി കണക്കിലെടുത്തു മാത്രമേ പ്രവേശനം നല്‍കാന്‍ സാധിക്കൂ എന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. ചില അണ്‍എയ്‌ഡഡ് സ്‌കൂളുകളും ടി.സി നിഷേധിക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു. ടി.സി കിട്ടാത്ത കുട്ടിയുടെ യു.ഐ.ഡി തുടര്‍ന്ന് പഠിക്കാനാഗ്രഹിക്കുന്ന സ്‌ഥാപനത്തിലേക്കു മാറ്റാന്‍ പൊതു വിദ്യാഭ്യാസ ഡയറക്‌ടര്‍ നിര്‍ദേശം നല്‍കിയിട്ടും പല അണ്‍എയ്‌ഡഡ് സ്‌കൂളുകളും പാലിച്ചില്ലെന്നാണ് ആക്ഷേപം