കുത്തബ്മിനാര്‍ ആരാധനാലയമല്ല : വിഗ്രഹങ്ങള്‍ പുനഃസ്ഥാപിക്കണമെന്ന ഹര്‍ജിയെ എതിര്‍ത്ത് എഎസ്ഐ
കുത്തബ്മിനാര്‍ സമുച്ചയത്തില്‍ ഹിന്ദു- ജൈന വിഗ്രഹങ്ങള്‍ പുനഃസ്ഥാപിക്കണമെന്ന ഹര്‍ജിയെ എതിര്‍ത്ത് ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ (എഎസ്‌ഐ).
സമുച്ചയത്തില്‍ ആരാധന നടത്താനുള്ള അനുമതി ആവശ്യപ്പെട്ട് ഒരുവിഭാഗം കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് എഎസ്‌ഐ നിലപാട് അറിയിച്ചത്.
കുത്തബ്മിനാര്‍ ഒരു ആരാധനാലയമല്ലെന്നും സ്മാരകത്തിന്റെ നിലവിലെ അവസ്ഥയില്‍ മാറ്റം വരുത്താനാകില്ലെന്നും ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. മറ്റൊരു മന്ദിരം തകര്‍ത്ത സ്ഥലത്താണ് കുത്തബ്മിനാര്‍ നിര്‍മ്മിച്ചതെന്ന വാദത്തിന് ഒരു തെളിവുമില്ല. സ്മാരകത്തിലെ തൂണുകള്‍ പുറത്തുനിന്നുകൊണ്ടുവന്നതാണോ, അവിടെയുള്ളതാണോ എന്നുള്ളതിനും ഒരു തെളിവുമില്ല. 1914 മുതല്‍ കുത്തബ്മിനാര്‍ ഒരു സംരക്ഷിതസ്മാരകമാണ്. അതിന്റെ ഘടനയില്‍ ഇപ്പോള്‍ മാറ്റം വരുത്താനാകില്ലെന്നും ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ കോടതിയെ അറിയിച്ചു.
ആരാധനയ്ക്കുള്ള ഭരണഘടനാപരമായ അവകാശം നിഷേധിക്കപ്പെടുകയാണെന്ന് ഹര്‍ജിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ഹരിശങ്കര്‍ ജെയിന്‍ കോടതിയെ അറിയിച്ചു. ഒരു ദേവനെ നശിപ്പിച്ചാല്‍ അതിന്റെ ദൈവികതയോ പവിത്രതയോ നഷ്ടപ്പെടില്ലെന്നും സമുച്ചയത്തില്‍ വിഗ്രഹങ്ങളുണ്ട്, വിഗ്രഹങ്ങള്‍ സംരക്ഷിക്കാന്‍ ഈ കോടതി നേരത്തെ ഉത്തരവിട്ടിട്ടതായും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഹര്‍ജിയില്‍ ജൂണ്‍ 9ന് വിധി പറയുമെന്ന് ഡല്‍ഹിയിലെ സാകേത് കോടതി അറിയിച്ചു. ഹര്‍ജിക്കാരോട് ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.