നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് സമയം നീട്ടി നല്‍കാനാകില്ലെന്ന് ഹൈക്കോടതി
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് സമയം നീട്ടി നല്‍കാനാകില്ലെന്ന് ഹൈക്കോടതി. ജസ്റ്റിസ് സിയാദ് റഹ്‌മാന്റെ ബെഞ്ചാണ് നടിയുടെ ഹര്‍ജി പരിഗണിച്ചത്.
സമയ പരിധി നിശ്ചയിച്ചത് മറ്റൊരു ബെഞ്ചായതിനാല്‍ ഈ കോടതിക്ക് ഇടപെടാനാകില്ലെന്നായിരുന്നു വിശദീകരണം.
അന്വേഷണം നടക്കുന്നില്ലെന്ന അതിജീവിതയുടെ ഭീതി അനാവശ്യമാണെന്നും സര്‍ക്കാര്‍ അതിജീവിതയ്‌ക്കൊപ്പമാണെന്നും ഡയറക്ടര്‍ ജനറല്‍ ഒഫ് പ്രോസിക്യൂട്ടര്‍ വാദിച്ചു. നടിയുമായി ആലോചിച്ച് പുതിയ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കുമെന്നും ഡിജിപി അറിയിച്ചു. കേസ് വെള്ളിയാഴ്ച പരിഗണിക്കാനായി മാറ്റി. ആവശ്യമെങ്കില്‍ വിചാരണക്കോടതിയില്‍ നിന്നും റിപ്പോര്‍ട്ട് വിളിച്ചു വരുത്താമെന്നും കോടതി വ്യക്തമാക്കി.
നിലവില്‍ എട്ടാം പ്രതിയായ ദിലീപിനെ കക്ഷി ചേര്‍ത്തുകൊണ്ടല്ല ഹര്‍ജി നല്‍കിയിരിക്കുന്നത്. അതുകൊണ്ട് ദിലീപിന്റെ ഭാഗം കൂടി കേള്‍ക്കേണ്ടതുണ്ട്. നടിയുടെ പരാതിയില്‍ സര്‍ക്കാര്‍ വെള്ളിയാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. മെയ് 30നാണ് അന്വേഷണത്തിന്റെ സമയപരിധി അവസാനിക്കുന്നത്.
ക്രൈംബ്രാഞ്ച് സംഘം അന്വേഷണം അവസാനിപ്പിക്കുന്നുവെന്ന വാര്‍ത്ത വന്നതിന് പിന്നാലെയാണ് അതിജീവിത ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. കേസ് അട്ടിമറിക്കാനുള്ള നീക്കം നടക്കുന്നുണ്ടെന്നും നീതി ഉറപ്പാക്കാനുള്ള ഇടപെടല്‍ കോടതിയുടെ ഭാഗത്തു നിന്നുമുണ്ടാകണമെന്നും വ്യക്തമാക്കിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.